മോസ്കൊ: കൊവിഡ് 19നായുള്ള സ്പുട്‌നിക് വി വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ മാസം നടക്കുമെന്ന് റഷ്യൻ ഡൈറക്റ്റ് ഇൻവസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (ആർഡിഎഫ്) സിഇഒ കിറിൽ ദിമിട്രീവ് അറിയിച്ചു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഫിലിപ്പീൻസ്, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്.
30,000 ആളുകളുമായി യുഎസിൽ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 26 ന് 40,000 ൽ അധികം ആളുകൾ പങ്കെടുത്ത പരീക്ഷണം റഷ്യയിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ ഉൽപാദനം പ്രാദേശികവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ, ഇന്ത്യൻ സർക്കാരുമായും ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമാതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 11 ന് ആർഡിഎഫും ഗമാലേയ നാഷണൽ റിസർച്ച് സെന്‍റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും സംയുക്തമായി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി വാക്സിൻ റഷ്യയിലെ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്യുകയും അത് കൊവിഡ് 19 നെതിരെ ലോകത്തെ ആദ്യത്തെ വാക്സിനായി മാറുകയും ചെയ്തിരുന്നു.
കൊറോണ വൈറസ് രോഗത്തിനെതിരെ പോരാടുന്ന ഹ്യൂമൻ അഡെനോവൈറൽ വെക്റ്റർ വാക്സിനാണ് സ്പുട്‌നിക് വി എന്ന് റഷ്യൻ ഗവേഷകർ പറയുന്നു. ഇന്ത്യ ചരിത്രപരമായി റഷ്യയുടെ വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്. ഉൽപാദനത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ വാക്സിനുകളുടെ 60 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഇന്ത്യൻ സർക്കാരുമായും തങ്ങൾ ചർച്ചയിലാണെന്നും ദിമിത്രീവ് പറഞ്ഞു. റഷ്യ ഇന്ത്യയെ തിരിച്ചറിയുന്നു. ഇന്ത്യൻ വിപണികളിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും വാക്സിൻ ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു പിന്തുണയാകാൻ ഇന്ത്യ സാധ്യതയുണ്ട്. ഇന്ത്യൻ പങ്കാളികൾ തുടക്കം മുതൽ പ്രകടിപ്പിച്ച സമതുലിതമായ സമീപനത്തെ റഷ്യ വളരെയധികം അഭിനന്ദിക്കുന്നു എന്നും അദേഹം പറഞ്ഞു.
അതേസമയം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്ത 100 ശതമാനം പേരിലും സ്പുട്നിക് വി സ്ഥിരതയുള്ള ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധം സൃഷ്ടിച്ചു. സ്പുട്നിക് വി കുത്തിവച്ച സന്നദ്ധപ്രവർത്തകരുടെ വൈറസ്-ന്യൂട്രലൈസിംഗ് ആന്‍റിബോഡികളുടെ അളവ് സാധാരണ രോഗികളുടെ ആന്‍റിബോഡികളേക്കാൾ 1.4 മുതൽ 1.5 മടങ്ങ് വരെ കൂടുതലാണെന്നും അദേഹം പറഞ്ഞു.