തിരുവനന്തപുരം: മികച്ച സൗകര്യങ്ങൾ ഉണ്ടായിട്ടും ആദിവാസികൾ കൈയൊഴിഞ്ഞ് തിരുവനന്തപുരം ചെറുകോട് ട്രൈബൽ എൽപി സ്കൂൾ. മൂന്ന് കുട്ടികൾ മാത്രമാണ് ഈ വർഷം ഇതുവരെ ഇവിടെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. പ്രദേശത്തുനിന്ന് ആദിവാസികൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് പോയതാണ് ട്രൈബൽ സ്കൂളിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്നത്. 40 വർഷം മുമ്പ് ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കൂൾ. അന്ന് ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരും അടുത്ത തലമുറയും മെച്ചപ്പെട്ട ജീവിതങ്ങളിലേക്ക് ഉയർന്നപ്പോൾ അവർ ചെറുകോടിനെ ഉപേക്ഷിച്ച് സൗകര്യങ്ങളുള്ള മറ്റിടങ്ങളിലേക്ക് പോയി. അതോടെ ഇവിടെ ട്രൈബൽ വിദ്യാർഥികൾ എത്താതായി. ഇന്ന് ട്രൈബൽ സ്കൂൾ എന്ന പദവി നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് ഈ സ്കൂൾ.
ശാന്തമായ പഠനാന്തരീക്ഷവും മികച്ച അധ്യാപനവുമാണ് ഈ പൊതുവിദ്യാലയത്തെ ഇന്നും പിടിച്ചു നിർത്തുന്നത്. നാല് അധ്യാപകരും, 19 വിദ്യാർഥികളുമാണ് ഇപ്പോഴുള്ളത്. അതിൽ ഒരു കുട്ടി മാത്രമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ളത്. കുട്ടികളെ ആകർഷിക്കാൻ ഇംഗ്ലീഷ് മീഡിയം തുടങ്ങിയെങ്കിലും രക്ഷിതാക്കളിൽ നിന്നും മെച്ചപ്പെട്ട പ്രതികരണമില്ല. ട്രൈബൽ വിഭാഗക്കാർ പൂർണമായും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ഇതിൽ പൊതു വിഭാഗക്കാർക്കുള്ള സ്കൂളായി മാറ്റണമെന്ന ആവശ്യം ശക്തമാണ്.