കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിശ്ശിക തീർക്കാത്തതിനാൽ മരുന്നുവിതരണം താൽക്കാലികമായി നിർത്തിവെക്കുമെന്ന് വിതരണക്കാർ. നവംബർ മുതലുള്ള കുടിശ്ശികയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. 30 കോടി രൂപ കുടിശ്ശികയായി ഇരിക്കെ ഇനിയും മരുന്നു വിതരണം ചെയ്യുക അസാധ്യമാണെന്നാണ് വിതരണക്കാരുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍റെ നിലപാട്. ഇതുവരെ വിതരണം ചെയ്ത മരുന്നിന്‍റെ പണം ലഭിക്കാത്തതിനാൽ അസോസിയേഷനിലെ അംഗങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും നേതാക്കൾ പറയുന്നു.
വിഷയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അസോസിയേഷൻ നേതാക്കൾ നേരത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും പണം ലഭിക്കാത്തതിനാലാണ് വിതരണക്കാർക്ക് പണം നൽകാൻ കഴിയാത്തത് എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം തന്നെ മരുന്ന് വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ മാസം പതിമൂന്ന് വരെ മരുന്നുകൾ വിതരണം ചെയ്യാൻ വിണ്ടും തീരുമാനിച്ചത്. പതിമൂന്നിന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മരുന്ന് വിതരണം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് കെ.ടി. രഞ്ജിത്ത് അറിയിച്ചു. കുടിശ്ശികയായ തുകയുടെ പകുതിയെങ്കിലും ലഭിച്ചില്ലെങ്കിൽ ബിസിനസുമായി മുന്നോട്ടുപോകുക എന്നത് മരുന്ന് വിതരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി തീരുമെന്നും അസോസിയേഷൻ നേതാക്കൾ പറയുന്നു.