ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് രഹസ്യ ചര്‍ച്ചകളല്ല. ഇടപാടുമായി ബന്ധപ്പെട്ട് സമാന്തര ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ അസ്വഭാവികതകളില്ലെന്ന സുപ്രീംകോടതിയുടെ 2018 ഡിസംബര്‍ 14 ലെ ഉത്തരവ് ശരിയാണെന്ന് കേന്ദ്രം വാദിച്ചു. മോഷ്ടിച്ച രേഖകള്‍ മാത്രം മുന്‍നിര്‍ത്തി വിഷയം വീണ്ടും പരിശോധിക്കേണ്ടതില്ല. ഒടുവില്‍ പുറത്തുവന്നത് രഹസ്യ രേഖകളല്ല. ഈ രേഖകള്‍ പരിഗണിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം വിമാനങ്ങളുടെ വിലവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന മുന്‍ നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് വില വിവരം സംബന്ധിച്ച ആവശ്യം കേന്ദ്രം തള്ളിയത്.
ഇടപാടിലെ പുന:പരിശോധന ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അരുണ്‍ഷൂരി,യശ്വന്ത് സിന്‍ഹ,പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. നേരത്തേ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.