കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടം, ഫാദർപോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഈ ഹർജി പരിഗണിച്ചിരുന്നുവെങ്കിലും ഇരുവരെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കില്ലെന്നും അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കേസന്വേഷണത്തിന്‍റെ പേരിൽ രണ്ട് പേരെയും ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
വ്യാജരേഖ നിർമ്മിച്ച കേസില്‍ എറണാകുളം സ്വദേശി ആദിത്യൻ അറസ്റ്റിലാകുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. അറസ്റ്റിലായ ആദിത്യൻ കര്‍ദിനാളിനെതിരെ ആഭ്യന്തര അന്വേഷണം കൊണ്ടുവരാനാണ് രേഖ ഉണ്ടാക്കിയതെന്ന് മൊഴി നല്‍കിയിരുന്നു.
അതെ സമയം, കേസ് പരിഗണിച്ചപ്പോൾ ഇരുവരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് അനുകൂലമായ നിലപാട് സഭയുടെ വക്കീൽ സ്വീകരിച്ചില്ലെന്ന വിമർശനവുമായി അതിരൂപത വൈദിക സമിതി രംഗത്ത് വന്നു.