ഏലത്തിന്റെ വിലകുതിച്ചുയര്‍ന്നിട്ടും അതിന്‍റെ ഫലം ലഭിക്കാതെ കര്‍ഷകര്‍. പ്രളയവും തുടർന്നുണ്ടായ കടുത്ത ചൂട് മൂലം ഏലക്കയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചതാണ് വില ഉയര്‍ന്നിട്ടും അതിന്‍റെ ഗുണം ഏലം കര്‍ഷകര്‍ക്ക് ലഭിക്കാത്തതിന്‍റെ കാരണം.
നിലവില്‍ 2500 രൂപയുടെ അടുത്താണ് ഏലക്കയുടെ ശരാശരി വിപണി വില. ഇനിയും വില ഉയരും എന്നാണ് വിപണി സൂചിപ്പിക്കുന്നതും. പക്ഷെ ചരിത്രത്തിലെ തന്നെ മികച്ച വില ലഭിച്ചിട്ടും ജില്ലയിലെ ചെറുകിട കർഷകർക്ക് അത് വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്നാണ് പരാതി. പ്രതീക്ഷകള്‍തെറ്റിച്ചെത്തിയ പ്രളയവും പിന്നാലെ വന്ന കനത്ത ചൂടും മൂലം ഏലക്കായുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അധിക മഴ മൂലം അഴുകൽ, തട്ട ചീയൽ, ശരം ചീയൽ തുടങ്ങിയ പ്രശ്നങ്ങളാണ് കര്‍ഷകരെ വലച്ചതെങ്കില്‍ വേനല്‍ കാലത്ത് ഏലം ഉണങ്ങി വീഴുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
ഒന്നര വര്‍ഷം മുമ്പ് 1000 രൂപ ആയിരുന്നു ഏലത്തിന്‍റെ വില അവിടെനിന്നും പടിപടിയായാണ് 2500 രൂപയിലേക്ക് വില എത്തിയത്. വില കുറഞ്ഞു നിന്നിരുന്ന കാലയളവിൽ പല ചെറുകിട കർഷകരും പരിചരണ ചിലവ് താങ്ങാനാവാതെ ഏലം കൃഷിയിൽ നിന്നും മറ്റു കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. വളത്തിന്‍റെയും, കീടനാശിനിയുടെയും ഉയർന്ന വില ഏലക്കായുടെ വിലയിടിവ് കാലയളവിൽ കർഷകർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഉയർന്ന വില തുടര്‍ന്നും ലഭിച്ചാല്‍ പ്രതിസന്ധികളെല്ലാം പരിഹാരമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ