ബ്രക്സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ബ്രക്സിറ്റ് നടപ്പാക്കുന്നതിനുള്ള തടസം നീക്കുന്നതിനും പാര്‍ലമെന്‍റ് നടപടികള്‍ സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിനുമായി തെരേസ മേ കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ പരിഹാരം കാണാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ നയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഒത്തുതീര്‍പ്പിന് തടസമായെന്നും ജെര്‍മി കോര്‍ബന്‍ പ്രതികരിച്ചു.
നേരത്തേ ബ്രക്സിറ്റിന് പകരം താല്ക്കാലിക കസ്റ്റംസ് യൂണിയന്‍ സ്ഥാപിക്കുകയെന്ന ആശയം ജെര്‍മി കോര്‍ബന്‍ മുന്നോട്ട് വച്ചിരുന്നു. ഇതിന് പിന്നാലെ ബ്രക്സിറ്റ് അല്ലാതെ മറ്റൊരു ചര്‍ച്ചയും വേണ്ടെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മേയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോര്‍ബിനുമായുള്ള ചര്‍ച്ചയില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലെ വെയ്ല്‍സ് ജൂനിയര്‍ മന്ത്രി രാജിവച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനം മൂന്നു തവണ ബ്രിട്ടീഷ് പാര്‍ലമെന്‍റ് തള്ളിയിരുന്നു. പ്രതിപക്ഷവുമായി സമവാക്യത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം ഇനിയും വൈകും. രണ്ട് തവണ സാവകാശം ലഭിച്ചതിന് ശേഷം ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് ബ്രിട്ടണ്‍ തീരുമാനിച്ചിരിക്കുന്നത്.