ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കണക്കുകൾ. മ്യൂക്കോർമൈക്കോസിസ് എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് 130 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 75 മുതൽ 80 കേസുകളും മാക്സ് ആശുപത്രികളിൽ 50 ഓളം കേസുകളും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രികളിൽ 10 കേസുകളുമാണ് റിപ്പോർട്ട് ചെയ്യതത്. ബ്ലാക്ക് ഫംഗസിനെതിരെയുള്ള ചികിത്സ മാർഗനിർദ്ദേശങ്ങൾ എയിംസ് വികസിപ്പിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച വൃത്തങ്ങൾ അറിയിച്ചിരുന്നു. കർണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Also read: ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍
കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പരിസ്ഥിതിയിലെ ഫംഗസ് വാഹകരുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകൾക്ക് മ്യൂക്കോർമൈക്കോസിസ് ബാധിക്കും. ചർമ്മം മുറിയുകയോ, പോറൽ എൽക്കുകയോ, പൊള്ളൽ എൽക്കുകയോ ചെയ്യുന്നതിലൂടെ ഈ ഫംഗസ് പടരാൻ ഇടയുണ്ട്.
കൊവിഡ് രോഗികൾക്കിടയിലും രോഗമുക്തി നേടിയവർക്കിടയിലും ഈ രോഗം ധാരാളമായി കണ്ടുവരുന്നുണ്ട്. മാത്രമല്ല പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷി ശരിയായി പ്രവർത്തിക്കാത്തവരും ഫംഗസ് ബാധിതരാകാൻ ഇടയുണ്ട്. മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്. അവ പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്നു. കൂടുതലും മണ്ണ്, ഇലകൾ, കമ്പോസ്റ്റ്, ചിതകൾ തുടങ്ങിയ ജൈവവസ്തുക്കൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്.