ബാംഗ്ലൂര്‍: ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ആളുകള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ നെറ്റ് വര്‍ക്ക് ആപ്പ് ടിക് ടോക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍.
2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 1.88 കോടി ജനങ്ങളാണ് ലോകവ്യാപകമായി ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍ 176 കോടി ആളുകള്‍ ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ അതില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഫേസ്ബുക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ പിന്നിലേക്കായെന്നാണ് ഇത്തവണത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യുവാക്കളുടെ ഇടയില്‍ ടിക്ടോക്കിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. 2016 ല്‍ പുറത്തിറങ്ങിയ ടിക്ടോക് 15 സെക്കൻഡ് ദൈർഘ്യമുള്ള ചെറിയ വീഡിയോകളുടെ അവതരണത്തിലൂടെയാണ് ഏറെ ജനശ്രദ്ധ നേടിയത്. ലിപ് സിങ്ക് വീഡിയോകളും ഒറിജിനൽ വീഡിയോകളും എല്ലാം ഉൾപ്പെടുത്തി കൗമാരക്കാരെ ആകർഷിക്കാന്‍ ടിക് ടോകിന് വളരെ വേഗം സാധിച്ചു. ചൈനീസ് സ്റ്റാര്‍ട്ട് അപ്പായ ബൈറ്റ്ഡാന്‍സിന്‍റെ ഉല്‍പ്പന്നമാണ് ടിക് ടോക്.