കണ്ണൂര്‍: ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി തൊട്ടിൽപ്പാലം കുന്നുമ്മൽ ബ്ലോക്കിലെ ഔഷധ ഉദ്യാനത്തിന്‍റെ സ്‌കൂൾതല ഉദ്ഘാടനം മരുതോങ്കരയിലെ കള്ളാട് എൽ പി സ്‌കൂളിൽ നടന്നു. നാഷണൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആയുഷ് ഗ്രാമം പദ്ധതി. ഔഷധമരത്തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്‌തു. ഔഷധ സസ്യങ്ങളെ കുറിച്ച് അടുത്തറിയാൻ കുട്ടികൾക്ക് ഈ പദ്ധതി ഉപകരിക്കുമെന്ന് കെ സജിത്ത് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉദ്യാനത്തില്‍ തൈകൾ നട്ടു. വിവിധയിനങ്ങളിലെ 50 ഔഷധ സസ്യങ്ങളാണ് ഉദ്യാനത്തില്‍ ഒരുക്കിയിട്ടുള്ളത്. ബ്ലോക്കിലെ മുഴുവൻ വിദ്യാലയങ്ങളിലും ഔഷധ ഉദ്യാനം ഒരുക്കാൻ പരിശ്രമിക്കുമെന്ന് ആയുഷ് പദ്ധതി ചുമതലയുള്ള ഡോക്ടർമാർ പറഞ്ഞു.