ബെംഗളൂരു: ജനറൽ ആശുപത്രിയിലേക്ക് എത്തേണ്ട ഓക്സിജൻ ടാങ്കർ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴുാണ്ടായ ഓക്സിജൻ ക്ഷാമം പരിഹരിച്ചപ്പോൾ തിരിച്ചു പിടിച്ചത് 200 ജീവനുകൾ. ബംഗളൂരുവിലെ കെസി ജനറൽ ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഓക്സിജനുമായി വരുന്ന വാഹനം ആശുപത്രിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഏറെ വൈകിയിട്ടും എത്താതിരുന്ന വാഹനത്തെപ്പറ്റി അന്വേഷിച്ച ആശുപത്രി അധികൃതർ ഈ വാഹനം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പോയ വിവരം അറിഞ്ഞു. പ്രോക്‌സി എയർ എന്ന കമ്പനിയുടെ വാഹനമാണ് ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചിരുന്നത്.
Also read: ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിനോട് കര്‍ണാട ഹൈക്കോടതി
വിവരം അറിഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാനേജ്മെന്‍റിന്‍റെ ചുമതലയുള്ള ഡോ. രേണുക പ്രസാദ് പ്രോക്സി എയറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അർദ്ധരാത്രി 12.30 ഓടെ അവർ ഉപമുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ചു. ശേഷം ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വന്ത് നാരായണൻ അടിയന്തരമായി ഇടപെട്ട് ഓക്സിജൻ ലഭ്യത അന്വേഷിക്കുകയും യൂണിവേഴ്സൽ എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഓക്സിജൻ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മല്ലേശ്വരം പൊലീസുമായി ബന്ധപ്പെട്ട ഉപമുഖ്യമന്ത്രി ഓക്സിജൻ ടാങ്കറുകൾ ഗതാഗത തടസം കൂടാതെ കെസി ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ മല്ലേശ്വരം പൊലീസിന് നിർദേശം നൽകി. ഒടുവിൽ വ്യാഴാഴ്ച പുലർച്ചെ 4.45 ഓടെ ഓക്സിജൻ കെസി ജനറൽ എത്തുകയും വലിയൊരു ദുരന്തം ഒഴിവാകുകയും ചെയ്തു.
Also read:ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രം നാളെ മുതല്‍ കൊവിഡ് കെയര്‍ സെന്‍റര്‍