രാജ്കോട്ട്: കൊവിഡ് 19നെ തുടര്‍ന്ന് പരിശീലനം പുനരാരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിലേക്ക് ചേതേശ്വര്‍ പൂജാരയും. നേരത്തെ ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ലക്ഷ്യമിട്ടാണ് ടെസ്റ്റ് ബാറ്റ്സ്മാന് പൂജാര പരിശീലനം ആരംഭിച്ചിരിക്കുന്നത്. നെറ്റ്സില്‍ പരിശീലനം നടത്തുന്ന ദൃശ്യം പൂജാര ട്വീറ്റ് ചെയ്തു. അദ്ദേഹം പാഡണിഞ്ഞ് ബാറ്റിങ് പരശീലനം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴുള്ള ചിത്രം മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെ പൂജാര പങ്കുവെച്ചിരുന്നു. ഡ്രസിങ് റൂമിലേക്കുള്ള തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യമായി ഒരു ഏഷ്യന്‍ രാജ്യം ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയെന്ന നേട്ടവും അന്ന് ടീം ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് അന്ന് ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഇന്ത്യ അടുത്തതായി പങ്കെടുക്കാന്‍ പോകുന്ന മത്സരം ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയായിരിക്കും. പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.