അടുത്ത ബന്ധുക്കള്‍ ഉപേക്ഷിച്ച് ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ക്ക് 'അപ്‌ന ഘറി'ല്‍ എത്തുമ്പോള്‍ സ്‌നേഹവും പരിപാലനവുമുള്ള വീട്ടിലെത്തിയത് പോലെയാണ്. 20 വര്‍ഷമായി 'അപ്‌ന ഘര്‍' ഇത്തരത്തിലുള്ള ആളുകള്‍ക്ക് സംരക്ഷണമൊരുക്കി വരികയാണ്. രാജ്യത്ത് ആരും തെരുവുകളില്‍ കിടന്ന് മരിക്കരുതെന്ന ലക്ഷ്യത്തോടെയാണിത്.
2000ത്തിലാണ് ഡോ. ഭരദ്വാജ് അപ്‌ന ഘര്‍ എന്ന സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് പൊതുജനങ്ങളുടെ പിന്തുണയോടെ ഇന്ത്യയില്‍ 35 ശാഖകളും നേപ്പാളില്‍ ഒരു ശാഖയും ആരംഭിച്ചു. കുട്ടികളും പ്രായമായവരും യുവാക്കളും സ്‌ത്രീകളും ഇവരുടെ തണലില്‍ കഴിയുന്നു. 6,400 പേരാണ് ഇവിടെയുള്ളത്. ഈ മാസം ആശ്രമത്തിന്‍റെ മൂന്ന് ശാഖകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി.
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അപ്‌ന ഘര്‍ തണലേകുന്നു. സ്ഥാപനം ആരംഭിച്ച കാലം മുതല്‍ പ്രതിദിനം പരിക്കേറ്റും അസുഖം ബാധിച്ചും നാലും അഞ്ചും ആളുകളാണ് ആശ്രമത്തില്‍ എത്തുന്നത്. ചികിത്സിച്ച് രോഗവസ്ഥ മാറിയ ശേഷം ഇവരുടെ കുടുംബങ്ങളെ കുറിച്ച് ചോദിച്ച് അറിഞ്ഞ് പൊലീസിന്‍റെ സഹായത്തോടെ തിരികെ വീടുകളിലെത്തിക്കും. 22,000 പേര്‍ക്ക് തിരികെ കുടുംബങ്ങളിലെത്താന്‍ സാധിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള 50 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ദമ്പതിമാരായ ഡോ. ബി.എം ഭരദ്വാജും മാധുരി ഭരദ്വാജുമാണ് അപ്‌നഘര്‍ ആശ്രമത്തിന്‍റെ സ്ഥാപകര്‍. പ്രസിദ്ധമായ റിയാലിറ്റി ഷോയായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു.
അപ്‌ന ഘര്‍ പൂര്‍ണമായും പൊതുജന സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സഹായം ആവശ്യമുള്ളപ്പോള്‍ 'ദൈവത്തിന് ഒരു കത്ത്' എഴുതി ആശ്രമത്തിന് പുറത്ത് നോട്ടീസ് ബോര്‍ഡിലിടും. നോട്ടീസ് വായിച്ച് വിശാല മനസുള്ളവര്‍ ആശ്രമത്തെ സഹായിക്കാന്‍ രംഗത്തെത്തും. അനാഥരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് 150 ബിഗാ സ്ഥാലത്ത് 426 കോടി രൂപ ചെലവിട്ടു ലോക നിലവാരത്തില്‍ പുതിയ സ്ഥാപനം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. ബി.എം ഭരദ്വാജും മാധുരി ഭരദ്വാജും.