ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് എംഎൽഎ അനിൽ അക്കര. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകിയാണ് അനിൽ അക്കര രംഗത്തെത്തിയത്.
രമ്യ ഹരിദാസിന്‍റെ പേരിലുളള വ്യാജ ഫേസ്ബുക്ക് പേജിൽ ‘ദീപ ടീച്ചറേ നന്ദി’ എന്ന് കുറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ പേജിലെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിയുകയായിരുന്നു. ‘വിജയാഹ്ളാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്‍റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്‍റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്‍റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്‍റെ പുതിയ പുസ്തകം. വീടിന്‍റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. 'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ...’ ദീപ കുറിച്ചു.
എന്നാൽ കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിരിഞ്ഞ ദീപ നിശാന്തിനെ പരിഹസിക്കുകയാണ് അനിൽ അക്കര എംഎൽഎ. 'എന്‍റെ കാളപെറ്റു, ആ കയറെടുത്തെ' എന്ന തലക്കെട്ടോടെ തന്‍റെ വീട്ടിലെ കാളയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് എംഎൽഎ മറുപടി നൽകിയത്.
തെരഞ്ഞെടുപ്പ് സമയത്ത് ദീപ നിശാന്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെ ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയിരുന്നു.