അമരാവതി(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ മേല്‍ഘാട്ടിലെ ജനങ്ങളുടെ കുടിവെള്ള പ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങളായി അവരുടെ കഷ്ടപ്പാടുകൾ മുഴുവന്‍ ഒരിറ്റു ശുദ്ധജലത്തിന് വേണ്ടിയുള്ളതാണ്. നാട്ടില്‍ വേനല്‍ക്കാലം തുടങ്ങിയാല്‍ പിന്നെ കുടിവെള്ളം കിട്ടാക്കനിയാണ്. കിണറുകളായിരുന്നു അവരുടെ ഏക ആശ്രയം. എന്നാല്‍ കിണറുകളില്‍ പോലും വെള്ളം കിട്ടാതായതോടെ അവ വീണ്ടും ആഴത്തില്‍ കുഴിക്കേണ്ടി. 40 അടിയോളം വരെ കിണറുകളുടെ ആഴം കൂട്ടി. ഇപ്പോൾ വെള്ളം കിട്ടണമെങ്കില്‍ അത്രയും തന്നെ ആഴത്തില്‍ ഇറങ്ങണം.
"ഒരു തുള്ളി വെള്ളം കുടിക്കാനാണെങ്കില്‍ പോലും ഒരു ദിവസത്തെ അധ്വാനം വേണ്ടി വരും. 40 അടിയോളം ആഴമുള്ള കിണറുകളില്‍ ഇറങ്ങി, ശുദ്ധജലം കിട്ടാന്‍ വേണ്ടി കാത്തിരിക്കണം"- പ്രദേശവാസിയായ ശിവരാജ് ബേല്‍കറുടെ വാക്കുകളില്‍ തെളിയുന്നത് നാട്ടിലെ ഓരോരുത്തരുടെയും കഷ്ടപ്പാടുകളാണ്. ഗ്രാമത്തിലെ മൂന്ന് കിണറുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഒരു ഗ്രാമം മുഴുവന്‍ ദാഹജലത്തിനായി കേഴുമ്പോഴും അധികൃതരുടെ മൗനം ഇപ്പോഴും തുടരുകയാണ്.