ലണ്ടന്‍: നൊവാക് ദ്യോക്കോവിചിന്‍റെ നേതൃത്വത്തില്‍ നടന്ന അഡ്രിയ ടൂര്‍ ടെന്നീസിന്‍റെ പ്രതിശ്ചായക്ക് കോട്ടം വരുത്തിയെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മറെ. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള സാമൂഹ്യ അകലം പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച കാരണം ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്ക് ഇടയില്‍ വൈറസ് വ്യാപനമുണ്ടായി.
കുറച്ച് താരങ്ങളും കുട്ടികളും ചേര്‍ന്ന് മത്സരത്തിനിടെ പാര്‍ട്ടി നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ തന്നെ കൊവിഡ് 19 വ്യപനം ഉണ്ടായതില്‍ അതിശയിക്കേണ്ട. അവിടെ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും ആന്‍ഡി മറെ പറഞ്ഞു. ഇംഗ്ലണ്ടില്‍ പ്രദര്‍ശന ടെന്നീസ് മത്സരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാണ് ഇംഗ്ലണ്ടില്‍ മത്സരം നടന്നത്. കൊവിഡ് 19-നെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മറെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.
നേരത്തെ അഡ്രിയ ടൂറിന്‍റെ ഭാഗമായ ക്രോയേഷ്യന്‍ ടെന്നീസ് താരം ബോര്‍ണ കോറിക്കിനും ലോക 19-ാം നമ്പര്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനും വിക്ടര്‍ ട്രോയിസ്‌കിക്കും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനും ഉള്‍പ്പെടെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോയ ദ്യോക്കോവിച്ചിന് നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. കാരുണ്യ പ്രവര്‍ത്തിക്ക് പണം കണ്ടെത്താനായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഇപ്പോള്‍ അദ്ദേഹത്തിനും മറ്റ് സംഘാടകര്‍ക്കും വിനയായി മാറിയിരിക്കുകയാണ്.