ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് മലയിടുക്കിൽ വീണ് 15 മരണം. 35ലധികം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അറ്റോക്ക് ജില്ലയിലെ ഹസൻ അബ്‌ധാൽ പ്രദേശത്തെ മോട്ടോർവേയിലാണ് അപകടം. ലാഹോറിൽ നിന്ന് ഖൈബർ-പഖ്‌തുൻഖ്വ പ്രവിശ്യയിലെ മർദാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരേ വന്ന കാറുമായി ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതായി പൊലീസ് കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തകർ മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അനുശോചനം രേഖപ്പെടുത്തുന്നതായി മാനവ വിഭവശേഷി വികസനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്‍റ് സയ്യിദ് സുൽഫിക്കർ അബ്ബാസ് ബുഖാരി അറിയിച്ചു. കൂടാതെ ഇരകൾക്ക് വേണ്ടുന്ന സഹായം നൽകണമെന്ന് സിവിൽ ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്തു.