റായ്പൂർ: ഒരു സീറ്റ്, ഏഴ് സ്ഥാനാർഥികൾ, എന്നാൽ ബസ്തറിന് കാവലായി 80000 സുരക്ഷ ഉദ്യോഗസ്ഥർ. മാവോയിസ്റ്റുകളുടെ ഭീഷണി നിലനിൽക്കുന്ന ലോക്സഭ മണ്ഡലമായ ഛത്തിസ്ഗഡിലെ ബസ്തറിലും ഇന്നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഒരോയൊരു മണ്ഡലം കൂടിയാണിത്.
ബസ്തറില്‍ മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷ മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ വോട്ടെടുപ്പിൽ മണ്ഡലത്തിൽ മാത്രം 80000 സുരക്ഷ ഉദ്യോഗസ്ഥരാണ് കാവൽ നിൽക്കുക.
മണ്ഡലത്തിന്‍റെ ഭാഗമായ ദന്തേവാഡയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എം.എല്‍.എ അടക്കം നാല് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
ഏട്ട് നിയോജക മണ്ഡലങ്ങളുള്ള മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 13,72,127 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,879 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇവയിൽ 741 എണ്ണം അതീവ സംഘർഷ മേഖലയും 606 എണ്ണം സംഘർഷ മേഖലയിലുമാണ്. 159 അതീവ പ്രശ്‌നബാധിത ബൂത്തുകളിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് ജീവനക്കാരെ എത്തിച്ചത്. സുരക്ഷ വിലയിരുത്തുന്നതിനായി മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.