ഇടുക്കി: മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയല്‍ മണ്ണിടിഞ്ഞ് 16 പേര്‍ മരിച്ചു. 78 പേരാണ് അപകടത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്തി. 50 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മല ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. നാല് ലയങ്ങളിലായി 30 മുറികളാണ് ഉണ്ടായിരുന്നത്. മണ്ണിനടിയില്‍ നിന്നും രക്ഷപ്പെട്ട ചിലര്‍ കിലോമീറ്ററുകളോളം നടന്ന് വന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. ദുരന്തം സംഭവിച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത് എന്നത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി.
മരണമടഞ്ഞവര്‍
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട 12 പേരില്‍ നാല് പേരെ (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്. പരിക്കേറ്റ പളനിയമ്മ (50) യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍ (25) , ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
നേമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടന്നത്. ഇവരാണ് ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാല് പേരെ കാല്‍നടയായി മൂന്നാറിലെ ടാറ്റ ആശുപത്രിയിലെത്തിച്ചത്. പെട്ടിമുടിയിലേക്ക് എത്തിച്ചേരാനുള്ള പെരിയവര പാലം മഴവെള്ളത്തില്‍ ഒലിച്ചു പോയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ താല്‍കാലിക റോഡുണ്ടാക്കിയാണ് പെട്ടിമുടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പ്രവേശിച്ചത്. ഒരാഴ്ചയായി വൈദ്യുതി ബന്ധം നിലച്ചിരുന്ന പ്രദേശത്ത് മൊബൈല്‍ സിഗ്നല്‍ നഷ്ടമായത് ഏറെ പ്രതിസന്ധിയുണ്ടാക്കി.
ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്‍റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഞ്ഞുമൂടി കിടക്കുന്നതിനാല്‍ എയര്‍ലിഫ്റ്റിങ് പോലുള്ള സംവിധാനം ഉപയോഗിക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കും. സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വന്നാല്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി പറഞ്ഞു.