ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇന്നലെ രാത്രി ഗല്‍വാന്‍ താഴ്‌വരയിലാണ് സംഭവം. ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളുടേയും സൈനിക നേതൃത്വം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യവകുപ്പ് മന്ത്രി എസ.ജയശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇതിനിടെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. എന്നാല്‍ ഇന്ത്യ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചെന്ന് ചൈന ആരോപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം നിയന്ത്രണ രേഖ കടന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വാദം..