ന്യൂഡല്‍ഹി: ഓംഗോളിലെ വൈഎസ്‌ആര്‍(യുവജന ശ്രമിക റൈത്തു) കോണ്‍ഗ്രസ് പാര്‍ട്ടി എംപി ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുണ്ട അറസ്‌റ്റില്‍. കള്ളപ്പണം വെളുപ്പിക്കലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി എക്‌സൈസ് നയത്തില്‍ ക്രമക്കേട് നടത്തി എന്നാരോപിച്ചാണ് രാഘവ് അറസ്‌റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക കോടതിയില്‍ ഹാജരാക്കിയതിന് ശേഷം, അന്വേഷണ ഏജന്‍സി ഇയാളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മെന്‍റ് അറസ്‌റ്റ് രേഖപ്പെടുത്തുന്ന ഒന്‍പതാമത്തെ വ്യക്തിയാണ് രാഘവ്. ഒരാഴ്‌ചയ്‌ക്കകം മൂന്ന് പേരെ വരെ അറസ്‌റ്റ് ചെയ്‌തുവെന്ന് ഇഡി പറഞ്ഞു.
രാഘവ് മഗുണ്ടയെ കൂടാതെ, പഞ്ചാബിലെ ഷിരോമണി അകാലിദളിന്‍റെ മുന്‍ എംഎല്‍എ ആയിരുന്ന ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയിലെ ഡയറക്‌ടറായിരുന്ന രാജേഷ് ജോഷി എന്നിവരെയാണ് ഈ ആഴ്‌ചയില്‍ തന്നെ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തത്. റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിന്‍റെ ഭാഗമായി മദ്യം ചില്ലറയായും മൊത്തമായും വില്‍ക്കുന്നവര്‍, വ്യാപാരികള്‍ എന്നിവരെയുള്‍പെടുത്തി 'സൗത്ത് ഗ്രൂപ്പ്' എന്ന പേരില്‍ രാഘവ് മഗുണ്ടയും പിതാവും ഒരു സഖ്യം ഉണ്ടാക്കി എന്ന് ഏജന്‍സി ആരോപിക്കുന്നു. സഖ്യത്തില്‍ ഉള്‍പെട്ടിട്ടുള്ള എംപിമാരുടെ വസതികളില്‍ കഴിഞ്ഞ വര്‍ഷം ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
കേസില്‍ രണ്ട് കുറ്റപത്രമാണ് ഇഡി ഇതിനോടകം തന്നെ സമര്‍പ്പിച്ചിട്ടുള്ളത്. സിബിഐയുടെ എഫ്‌ഐആറില്‍ നിന്നുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്‍റെ അന്വേഷണം ആരംഭിക്കുന്നത്. ഇഡിയുടെയും സിബിഐയുടെയും പരാതിയില്‍ ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സര്‍ക്കാരിന്‍റെ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരുടെ പേരുകളും ഉള്‍പെട്ടിട്ടുണ്ട്.