കൃഷ്‌ണഗിരി: വീട്ടിൽ വെച്ച് യുട്യൂബ് നോക്കി ആണ്‍കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ 27കാരിയായ യുവതി മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി സ്വദേശി ലോകനായകി ആണ് മരിച്ചത്. യുട്യൂബ് വീഡിയോയിൽ നിന്നുളള നിർദ്ദേശങ്ങൾ പാലിച്ച് ലോകനായകിയുടെ ഭർത്താവായ മാദേഷ് മുൻകൈയെടുത്താണ് പ്രസവം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും കുടുംബത്തിനെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. 2021ൽ ആണ് മാദേഷ് ലോകനായകിയെ വിവാഹം കഴിച്ചത്. സ്വയം ചികിത്സ വിദ്യകളുടെ വക്താവായ മാദേഷ് മെഡിക്കൽ രീതികളെ അവഗണിച്ച് പ്രകൃതിദത്തമായ രീതിയിലുളള ചികിത്സ രീതിയാണ് നടത്തികൊണ്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗവൺമെന്‍റ് ഫാർമസി സെന്‍ററിലെ നഴ്‌സ് ലോകനായകിയുടെ ഗർഭം രജിസ്‌റ്റർ ചെയ്യാൻ ശ്രമിച്ചിട്ടും ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകളും പോഷക സംബന്ധമായ സപ്ലിമെന്‍റുകളും സ്വീകരിക്കുന്നതിൽ മാദേഷ് നിസ്സഹകരിച്ചതായി മെഡിക്കൽ അധികൃതർ പറഞ്ഞു. ഗ്രാമത്തിലെ നഴ്‌സായ മഹാലക്ഷ്‌മിയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് വാക്‌സിനേഷനുകൾ മാത്രമാണ് ലോക്‌നായകി എടുത്തിട്ടുളളത്.
ലോകനായകിയുടെ ആരോഗ്യനില മോശമായതിനാൽ തന്നെ ചികിത്സ തുടരാൻ മെഡിക്കൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മാദേഷ് കൂടുതൽ പരിചരണത്തിനായി ലോകനായകിയുടെ ജന്മസ്ഥലമായ പുളിയംപട്ടി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗർഭാവസ്ഥയിൽ ലോകനായകിക്ക് വേണ്ടി മാദേഷ് ഒരു പാരമ്പര്യേതര ഭക്ഷണക്രമം തന്നെ സ്വീകരിച്ചതായി ആരോപിക്കപ്പെടുന്നുണ്ട്.
തുടർന്ന് ഓഗസ്‌റ്റ് 22 ന് പുലർച്ചെ 4 മണിയോടെ മാദേഷ് മുൻകൈയെടുത്ത് വീട്ടിൽ പ്രസവം നടത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. പ്രസവത്തെ തുടർന്ന് ലോകനായകിയുടെ ആരോഗ്യം വഷളാവുകയും മറുപിള്ളയുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ബോധം നഷ്‌ടപ്പെടാൻ ഇടയാവുകയും ചെയ്‌തു. തുടർന്ന് പോച്ചംപള്ളിക്കടുത്ത് കുന്നിയൂർ ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ ലോകനായകിയെ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
മറ്റാരെയും അറിയിക്കാതെ ഭാര്യയുടെ മൃതദേഹം സ്വകാര്യമായി സംസ്‌കരിക്കുന്നതിനായി നഗരത്തിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ മനസിലാക്കിയ ഹെൽത്ത് ഇൻസ്‌പെക്‌ടർ ശശികുമാർ പോച്ചംപള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി ലോകനായകിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിനായി പോച്ചംപള്ളി സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പെരുകൊപ്പനപ്പള്ളി ഗവൺമെന്‍റ് പ്രൈമറി ഹെൽത്ത് സെന്‍ററിലെ ഡോ.രാധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോച്ചംപള്ളി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഹൃദയഭേദകമായ ഈ സംഭവം പരമ്പരാഗത വൈദ്യ പരിചരണത്തിന്‍റെ അപകടസാധ്യതകളെക്കുറിച്ചും ശരിയായ പരിശീലനമില്ലാതെ മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന: അവശ്യമായ ആരോഗ്യ പരിരക്ഷയും പരിചരണവും ലഭിക്കാത്തതിനാൽ ഗർഭകാലത്തും പ്രസവ ശേഷവുമായി മരണപ്പെടുന്ന അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന.