ജയ്‌പൂര്‍: രാജസ്ഥാനില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കളെ കാണാതായി. ഗ്വാളിയോര്‍ സ്വദേശി മുബാറക്, പുരാന ഷഹര്‍ സ്വദേശിയായ ലക്കി, ബാരി സ്വദേശിയായ സമീര്‍ എന്നിവരെയാണ് കാണാതായത്. ധോല്‍പൂരിലെ ചമ്പല്‍ പുഴയില്‍ ഇന്നാണ് (സെപ്റ്റംബര്‍ 22) യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്.
ആറ് യുവാക്കള്‍ അടങ്ങുന്ന സംഘം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് യുവാക്കളാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യുവാക്കളെ കാണാതായത്. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗ്വാളിയോര്‍ സ്വദേശിയായ ഷഹസാദ്, ധോല്‍പൂര്‍ സ്വദേശിയായ ഗോലു, മൊറെന സ്വദേശിയായ ഇര്‍ഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കോട്‌വാലി പൊലീസും എസ്‌ഡിആര്‍എഫും മുങ്ങള്‍ വിദഗ്‌ധരും യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ചമ്പല്‍ പുഴയില്‍ നേരത്തെയും അപകടം: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ ചമ്പല്‍ പുഴയില്‍ 17 പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. അതില്‍ മൂന്ന് പേര്‍ മരിക്കുകയും മറ്റുള്ളവര്‍ രക്ഷപ്പെടുകയും ചെയ്‌തു. ഒരു സ്‌ത്രീ അടക്കം മൂന്ന് പേരാണ് മരിച്ചത്. മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നും രാജസ്ഥാനിലെ കൈലാദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മണ്ഡാലെയിലെ റോഡായി ഘട്ടിലൂടെ ഭക്തര്‍ കാല്‍നടയായി പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പുഴയുടെ ആഴമേറിയ ഭാഗം അറിയാത്തതാണ് ഒഴുക്കില്‍പ്പെടാന്‍ കാരണം. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട എട്ട് പേരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മൂന്ന് പേര്‍ മരിച്ചത്.
കാസര്‍കോട് മത്സ്യ തൊഴിലാളിയും സുരക്ഷ ഗാര്‍ഡും മുങ്ങി മരിച്ചത് അടുത്തിടെ: ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യ തൊഴിലാളിയും സുരക്ഷ ഗാര്‍ഡും മുങ്ങി മരിച്ചത്. തൈക്കടപ്പുറം സ്വദേശിയായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ ഒഴുക്കില്‍പ്പെട്ട തൊഴിലാളിയെ രക്ഷിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. റെസ്‌ക്യൂ ഗാര്‍ഡും നാട്ടുകാരും ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ ഇരുവരും മരിച്ചു.
കൊല്ലത്തെ ക്ഷേത്രക്കുളത്തില്‍ യുവാക്കള്‍ മുങ്ങി മരിച്ചു: അയത്തിലെ കരുത്തറ ക്ഷേത്രത്തിലാണ് ഇക്കഴിഞ്ഞ 9ന് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയത്തില്‍ സ്വദേശികളായ ഗിരികുമാര്‍, ചാക്കോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും കുളക്കരയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷിക്കാനായി കുളത്തിലേക്ക് ചാടി. ഇതോടെ ഇരുവരും കുളത്തില്‍ മുങ്ങുകയായിരുന്നു.