ഗയ : ബിഹാറിൽ വിവാഹഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ പെൺസുഹൃത്തിനെ സാക്ഷിയാക്കി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു (Youth Suicide Attempt In front Of Girlfriend). ഗയ ജില്ലയിലെ ദൽഹ പൊലീസ് സ്റ്റേഷൻ പരിതിയിൽ തിങ്കളാഴ്‌ച (11.09.2023) യാണ് സംഭവം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ 24 കാരനാണ് ആത്മഹത്യ ശ്രമം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ജാർഖണ്ഡിൽ ഇരുവരും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെൺകുട്ടിയും യുവാവും പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.
എന്നാൽ ഇതിനിടയിൽ പെൺകുട്ടി ബിഹാറിലെ ഗയയിലുള്ള തന്‍റെ വീട്ടിലേയ്‌ക്ക് മടങ്ങുകയും അവിടെ മൊബൈൽ കടയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് ഗയയിൽ എത്തുകയും വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് പെൺകുട്ടിയുടെ മുന്നിൽ വച്ച് ആത്‌മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഇയാളുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരും അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
ലിവിങ് ടുഗതർ പങ്കാളിയെ കൊലപ്പെടുത്തി : കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്രയിലെ പാൽഘറിൽ പീഡന പരാതി നൽകിയതിനെത്തുടർന്ന് ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്തിയ 43 കാരൻ പിടിയിലായത് (Man Arrested for Allegedly Killing Live in Partner). ഒപ്പം താമസിച്ചിരുന്ന (Living Together) കൊല്ലപ്പെട്ട യുവതി ഇയാൾക്കെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുകയും ചെയ്‌തു.
എന്നാൽ, തനിക്കെതിരായ കേസ് പിൻവലിക്കാൻ ഇയാൾ യുവതിക്കുമേൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ യുവതി ഇതിനു തയ്യാറാകാതിരുന്നതോടെ ഇയാൾ അവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് വസായ് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. എന്നാൽ യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഓഗസ്റ്റ് 14 ന് യുവതിയെ കാണാതായതായി ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയായ വ്യക്തി യുവതിയെ കൊലപ്പെടുത്തി ഗുജറാത്തിലെ വാപിയിൽ സംസ്‌കരിച്ചതായി സംശയിക്കുന്നതായും കുടുംബം പരാതിയിൽ ആരോപിച്ചു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതി പ്രതിക്കെതിരെ പീഡന പരാതി നല്‍കിയിരുന്നത് കണ്ടെത്തിയത്.
കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കൃത്യങ്ങൾക്കുള്ള ഐ പി സി 302, 201 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.