ന്യൂഡൽഹി : കടം വാങ്ങിയ 500 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് ഡൽഹിയിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തി കൊലപ്പെടുത്തി. വ്യാഴാഴ്‌ച ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജീരാബാദ് സംഗം വിഹാർ സ്വദേശിയായ ഫൈസാനാണ് കൊല്ലപ്പെട്ടത്.
അടുത്തിടെ ഫൈസാൻ സുഹൃത്തുക്കളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇവരിൽ ഒരാൾ ഫൈസാന്‍റെ വീട്ടിലെത്തി അയാളെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ശേഷം വീട്ടുകാർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഇന്നലെ രാത്രി ഫൈസാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്ന് യുവാക്കൾ ഇയാളുടെ വീടിന് മുന്നിൽ വച്ച് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ ഫൈസാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞുനിർത്തി മൂന്ന് നാല് തവണ കുത്തുകയായിരുന്നു. ഫൈസാന്‍റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
കടം വാങ്ങിയ 100 രൂപ നൽകാത്തതിന് കൊലപ്പെടുത്തി : 2016 നവംബറിൽ പശ്ചിമ ബംഗാളിൽ വച്ച് കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്‌ക്ക് കഴിഞ്ഞ മാസം ജൽപായ്‌ഗുരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പഹൽപൂർ ചൗരംഗി സ്വദേശിയായ നൂർ ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. കേസിൽ നൂര്‍ ഇസ്‌ലാമിന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ഗോബിന്‍ ഒറോണിനെയാണ് കോടതി ശിക്ഷിച്ചത്.
ഇരുവരും സെക്യൂരിറ്റി ജീവനക്കാരായിരുന്നു. നൂര്‍ ഇസ്‌ലാം ഗോബിന്‍ ഓറോണില്‍ നിന്ന് 100 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ 2016 നവംബറിലുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഗോബിന്‍ ഓറോണിന് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വരികയും കടം നല്‍കിയ 100 രൂപ തിരികെ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ പണം തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല 500 രൂപയുടെ നോട്ട് കാണിച്ച് പരിഹസിക്കുകയും ചെയ്‌തു. തുടർന്ന് രോഷാകുലനായ ഗോബിന്‍ നൂര്‍ ഇസ്‌ലാമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
also read : 100 രൂപ തിരികെ നല്‍കിയില്ല, സഹപ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി ; യുവാവിന് ജീവപര്യന്തം തടവ്
800 രൂപ തിരികെ നൽകാത്തതിന് കൊലപാതകം : ഫെബ്രുവരിയിൽ കടം വാങ്ങിയ 800 രൂപ തിരിച്ച് കൊടുക്കാത്തതിന് ഛത്തീസ്‌ഗഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ദുര്‍ഗിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഛത്തീസ്‌ഗഡ് സ്വദേശി ഗജേന്ദ്ര വിശ്വകര്‍മയെയാണ് സംഘം കൊലപ്പെടുത്തിയത്.
also read : കടം വാങ്ങിയ 800 രൂപ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് ഛത്തീസ്‌ഗഡില്‍ യുവാവിനെ കുത്തിക്കൊന്നു
കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് മൂന്ന് പേര്‍ ഗജേന്ദ്ര വിശ്വകര്‍മയേയും അദ്ദേഹത്തിന്‍റെ സഹോദരനേയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയതിന് ശേഷം പ്രതികൾ മൂന്ന് പേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്‌റ്റ് ചെയ്‌തു.