ബദൗണ്‍ : എലിയെ അഴുക്കുചാലിലെ വെള്ളത്തില്‍ എറിഞ്ഞ് കൊന്ന യുവാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസ്. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ പൻവാഡിയയിലാണ് സംഭവം. വികേന്ദ്ര ശർമ നല്‍കിയ പരാതിയില്‍ മൃഗ പീഡന വിരുദ്ധ നിയമപ്രകാരമാണ് പാന്‍വാഡിയ സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കാനൊരുങ്ങുന്നത്.
എലിയുടെ മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും അതിനുശേഷം യുവാവിനെതിരെ കേസ് എടുക്കുമെന്നും ഇന്‍സ്‌പെക്‌ടര്‍ ഹർപാൽ സിങ് ബല്യാൻ പറഞ്ഞു. താന്‍ പാന്‍വാഡിയ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ പരിസരവാസിയായ യുവാവും കുട്ടികളും ചേര്‍ന്ന് എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കുന്നത് കണ്ടതായി വികേന്ദ്ര ശര്‍മ പരാതിയില്‍ പറയുന്നു. എലിയെ മോചിപ്പിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനെ അഴുക്കുചാലിലേക്ക് എറിയുകയായിരുന്നു.
താന്‍ ഉടന്‍ ചാലില്‍ നിന്ന് എലിയെ പുറത്തെടുത്തുവെന്നും അപ്പോഴേക്ക് ചത്തിരുന്നുവെന്നും വികേന്ദ്ര പരാതിയില്‍ വിവരിക്കുന്നു. കല്യാണ്‍ നഗര്‍ നിവാസിയായ വികേന്ദ്ര ശര്‍മ മൃഗസ്‌നേഹിയാണ്. ബദൗണ്‍ കോട്‌വാലി പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ പരാതി നല്‍കിയത്.
എലിയുടെ മൃതദേഹം പേസ്റ്റുമോര്‍ട്ടത്തിനായി ബറേലിയിലെ ഐവിആർഐ കേന്ദ്രത്തിലേക്ക് അയച്ചതായും റിപ്പോര്‍ട്ട് വന്ന ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.