ചെന്നൈ : ചെന്നൈയിലെ മാളില്‍ അനധികൃതമായി നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അനുമതിയില്ലാതെയാണ് മാളിലെ ബാറില്‍ ഡിജെ പാര്‍ട്ടി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ലൈസന്‍സില്ലാതെയാണ് പാര്‍ട്ടിയില്‍ മദ്യം വിളമ്പിയത്.
ശനിയാഴ്‌ച അണ്ണാനഗറിലുള്ള പ്രമുഖ മാളില്‍ വച്ച് നടന്ന ഡിജെ പാര്‍ട്ടിക്കിടെയാണ് ഐടി ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചത്. മടിപ്പാക്കം സ്വദേശി പ്രവീണ്‍ (23) ആണ് മരിച്ചത്. ബ്രസീലില്‍ നിന്നുള്ള പ്രശസ്‌ത ഡിജെ മന്ദ്ര ഗോറ നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ നിരവധി ചെറുപ്പക്കാരാണ് പങ്കെടുത്തത്.
Also read: ലഹരി പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു ; ബാര്‍ പൂട്ടി സീല്‍ ചെയ്‌ത് പൊലീസ്
സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ പ്രവീണ്‍ പാര്‍ട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അമിത മദ്യപാനമാണ് മരണ കാരണമെന്നാണ് പ്രാഥമിക പരിശോധനാഫലം സൂചിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രവീണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്‌ച പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
യുവാവ് കുഴഞ്ഞുവീണതിന് ശേഷവും ഡിജെ പാര്‍ട്ടി തുടര്‍ന്നു. പൊലീസ് എത്തിയപ്പോള്‍ ഡിജെ ഉള്‍പ്പടെയുള്ളവർ മോശം ഭാഷയിലാണ് പെരുമാറിയതെന്നും ആരോപണമുണ്ട്. ബാര്‍ പൊലീസ് സീല്‍ ചെയ്‌തു.
അനുമതിയില്ലാതെ ഡിജെ പാര്‍ട്ടി നടത്തിയതിന് മാനേജർമാരായ നികാശ് ബോജ്‌രാജ്, ഭാരതി എന്നിവരേയും ബാർ ജീവനക്കാരന്‍ എഡ്‌വിന്‍ എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്‌തു. കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, സമൂഹ മാധ്യമങ്ങളിലൂടെ ചെന്നൈ പൊലീസിനെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.