ഹൈദരാബാദ് : പെൺസുഹൃത്തിന്‍റെ പിതാവിനെ കണ്ട് ഭയന്ന് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഹൈദരാബാദ് ബോറബണ്ടയിൽ ബേക്കറി ജീവനക്കാരനായ ഷൊയ്‌ബ് (20) ആണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പെൺസുഹൃത്ത് ആവശ്യപ്പെട്ടതിനെ തുടർന്ന് അവർക്ക് പിസ നൽകാനായി ഷൊയ്‌ബ് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു.
എന്നാൽ ഇരുവരും ടെറസിൽ സംസാരിച്ചിരുന്ന സമയത്ത് പെൺകുട്ടിയുടെ പിതാവ് മുകളിലേയ്‌ക്ക് കയറിവന്നപ്പോൾ പിടിക്കപ്പെടാതിരിക്കാൻ ഷൊയ്‌ബ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആഗസ്‌റ്റ് അഞ്ചിനാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച മരണം സംഭവിക്കുകയായിരുന്നു.
also read : മാതാപിതാക്കളിൽ നിന്ന് പണം തട്ടാൻ 'തട്ടിക്കൊണ്ടുപോകൽ നാടകം'; എഞ്ചിനിയറിങ് വിദ്യാർഥിനിയും ഭർത്താവും പിടിയില്‍
നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ് മരിച്ചു : മാസങ്ങൾക്ക് മുൻപാണ് ഹൈദരാബാദിൽ നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ് മരണപ്പെട്ടത്. ഹൈദരാബാദിലെ ബഞ്ചാരഹിൽസിൽ ജനുവരിയിലായിരുന്നു സംഭവം നടന്നത്. യൂസുഫ്‌ഗുഡയിലെ ശ്രീരാംനഗർ സ്വദേശിയായ മുഹമ്മദ് റിസ്‌വാൻ (23) ബഞ്ചാരഹിൽസ് റോഡ് നമ്പർ ആറിൽ ലുംബിനി റോക്ക് കാസ്‌റ്റിലെ അപ്പാർട്ട്‌മെന്‍റിന്‍റെ മൂന്നാം നിലയിലേക്ക് ഓർഡർ നൽകാനായി രാത്രി എത്തുകയായിരുന്നു.
ആ സമയം, വീട്ടിലെ ജർമ്മൻ ഷെപ്പേർഡ് നായ കുരച്ച് ചാടിയപ്പോൾ ഭയന്നുപോയ റിസ്‌വാൻ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഉടൻ തന്നെ വീട്ടുടമ ഇയാളെ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Read More : ഭക്ഷണം നല്‌കാൻ എത്തി, നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി; സ്വിഗ്ഗി ഡെലിവറി ബോയിക്ക് ഗുരുതര പരിക്ക്
മൂന്നാം നിലയിൽ നിന്ന് വീണ് ഡെലിവറി ബോയ്‌ക്ക് പരിക്ക് : ഇതിന് പിന്നാലെ മെയ് മാസമാണ് ഹൈദരാബാദിൽ തന്നെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഡെലിവറി ബോയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലാണ് സംഭവം നടന്നത്. ഡെലിവറി ജോലി ചെയ്യുന്ന 30കാരനായ ഇല്ല്യാസിനാണ് പരിക്കേറ്റത്.
പഞ്ചവടി കോളനിയിലെ ശ്രീനിധി ഹൈറ്റ്സ് അപ്പാർട്മെന്‍റിന്‍റെ മൂന്നാം നിലയിൽ നിന്നാണ് ഇല്ല്യാസ് താഴേക്ക് വീണത്. മെത്ത ഡെലിവറി ചെയ്യാനെത്തിയ യുവാവിനെ ഡോബർമാൻ ഇനത്തിൽപ്പെട്ട നായ ആക്രമിക്കാൻ എത്തിയതാണ് അപകടത്തിൽ കലാശിച്ചത്. ഡെലവറി ജീവനക്കാർക്ക് ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് പലപ്പോഴായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Read More : നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; കെട്ടിടത്തിൽ നിന്ന് വീണ് ഡെലിവറി ബോയ്‌ക്ക് ഗുരുതര പരിക്ക്