നാസിക്: പ്രണയത്തിന്‍റെ പേരിൽ യുവാവിനെ ചുട്ടുകൊല്ലാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ ശ്രമം. മഹാരാഷ്ട്രയിലെ ഡിയോള താലൂക്കിലെ ലൊഹാനെറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 55 ശതമാനത്തോളം പൊള്ളലേറ്റ ലൊഹാനെറി സ്വദേശിയായ ഗോരഖ് കാശിനാഥ് ബച്ചാവ് (31) നാസിക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ ഗോരഖുമായുള്ള പ്രണയത്തിന്‍റെ പേരിൽ വിവാഹം പല തവണ മുടങ്ങി. മകളുടെ വിവാഹം മുടങ്ങിയ വൈരാഗ്യത്തിൽ യുവതിയുടെ വീട്ടുകാർ ഗോരഖിനെ ഗ്രാമത്തിൽ ചെന്ന് ആക്രമിക്കുകയായിരുന്നു. നടുറോഡിൽ വച്ച് ഗോരഖിനെ മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്‌തു.
യുവതിയുടെ അമ്മ ഗോരഖിന്‍റെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തി. 55 ശതമാനം പൊള്ളലേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ഡിയോള ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഡിയോള പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്‌തു. പെൺകുട്ടിയുടെ അച്ഛൻ ഗോകുൽ തോഗൽ സോനവാനെ (57), അമ്മ നിർമല സോനവാനെ (52), സഹോദരന്മാരായ ഹേമന്ത് സോനവാനെ (30), പ്രസാദ് സോനവാനെ (18), കല്യാണി ഗോകുൽ സോനവാനെ (23) എന്നിവരാണ് അറസ്റ്റിലായത്.
Also Read: Viral Video | ക്രിക്കറ്റ് പന്ത് വാങ്ങാൻ പണപ്പിരിവ്; വാക്കേറ്റം കലാശിച്ചത് കൂട്ടത്തല്ലില്‍