ഹാവേരി : യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് യുവാവിന്‍റെ അളിയന് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. കര്‍ണാടക - ഹാവേരി ജില്ലയിലെ റാണെബന്നൂർ താലൂക്കിലാണ് സംഭവം. പ്രണയ വിവാഹത്തെ ചൊല്ലി യുവാവിന്‍റെ സഹോദരീ ഭർത്താവിനെ അർദ്ധനഗ്നനാക്കി മർദിക്കുകയായിരുന്നു (Youth assaulted over his relative's marriage).
യുവതി യുവാവിനൊപ്പം ഒളിച്ചോടിയതിൽ പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കൾ സഹോദരീഭർത്താവിനെ തട്ടിക്കൊണ്ടുപോയി വിവസ്‌ത്രനാക്കി മർദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനായ ഇയാളെ റാണെബെന്നൂർ റൂറൽ പൊലീസ് സ്റ്റേഷന് എതിർവശത്ത് ഉപേക്ഷിച്ചു.
സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കൾ റാണെബന്നൂർ ഹലഗേരി പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. ഹലഗേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കർണാടകയിലെ ബെൽഗാം ജില്ലയിലും ചിക്കബെല്ലാപൂരിലും ഇക്കഴിഞ്ഞയിടെ സമാന സംഭവങ്ങൾ നടന്നിരുന്നു.
ബെൽഗാം കേസ് : കർണാടകയിലെ ബെൽഗാം താലൂക്കിലെ ഒരു ഗ്രാമത്തിൽ, യുവതി തന്‍റെ സമുദായത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പായതിനാൽ അവർ യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതിനിടെ യുവാവിനോടൊപ്പം യുവതി നാടുവിട്ടു.
ഇക്കാരണത്താൽ, യുവതിയുടെ വീട്ടുകാർ അർദ്ധരാത്രിയിൽ യുവാവിന്‍റെ അമ്മയെ നഗ്നയാക്കി നടത്തിച്ച് തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ച് കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഡിസംബർ 18-ന് ബെൽഗാം പൊലീസ് കമ്മീഷണർ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. സംഭവത്തില്‍ 12 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ചിക്കബെല്ലാപൂർ കേസ് : കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിൽ യുവാവ് പെണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി. ഇതിനുപിന്നാലെ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ മാതാപിതാക്കളെ വീട്ടിലെത്തി ആക്രമിച്ചു. ഇരുവരും ഓടിപ്പോയത് മാതാപിതാക്കളുടെ അറിവോടെയാണെന്ന് പറഞ്ഞായിരുന്നു അക്രമം. സംഭവത്തിൽ യുവാവിന്‍റെ അച്ഛനും അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഗുഡിബണ്ടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.