വെല്ലൂര്‍ : കാളയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ലിംഗുന്ദ്രം സ്വദേശി സുരേഷ് (28) ആണ് കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ മരുതവല്ലിപാളയം അണ്ണാനഗറില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.
മത്സരം നടന്ന സ്ഥലത്തിന്‍റെ ഇരു വശങ്ങളിലും സുരക്ഷയ്ക്കായി സംഘാടകര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവ മറികടന്ന് ചില കാണികള്‍ കാളയോട്ടം നടക്കുന്ന ഭാഗത്തേക്ക് ഇറങ്ങി. ഈ കൂട്ടത്തില്‍ സുരേഷുമുണ്ടായിരുന്നു.
ഈ സമയം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിയടുത്ത ഒരു കാളയാണ് സുരേഷിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇത് അദ്ദേഹത്തിന്‍റെ നെഞ്ചിലും ചവിട്ടി. കാളയുടെ ആക്രമണത്തില്‍ സുരേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇവിടെ നിന്നും വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് സുരേഷിനെ മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.