നാഗ്പൂര്‍: വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ പുഷ്‌അപ്പില്‍ ലോക റെക്കോഡ് സ്വന്തമാക്കി യുവാവ്. ഒരു മണിക്കൂറില്‍ 3331 പുഷ്‌അപ്പുകള്‍ എടുത്താണ് 21കാരനായ കാര്‍ത്തിക് ജയ്‌സ്വാള്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കഠിനമായ പ്രയത്നത്തിനൊടുവിലാണ് കാര്‍ത്തിക് റെക്കോഡ് വിജയം കൈപിടിയിലാക്കിയത്.
ഓസ്ട്രേലിയന്‍ താരം ഡിനിയല്‍ സ്‌കല്ലിയുടെ പുഷ് അപ്പുകള്‍ മറികടന്നാണ് കാര്‍ത്തികിന്‍റെ റെക്കോഡ് നേട്ടം. കാര്‍ത്തികിന്‍റെ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ചു. പുഷ്‌അപ്പില്‍ ഡാനിയേലിന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് കാര്‍ത്തിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രഖ്യാപനം നടത്തി ഏതാനും മാസങ്ങള്‍ക്കകം തന്നെ റെക്കോഡിനെ കാല്‍ചുവട്ടിലാക്കാന്‍ കാര്‍ത്തികിനായി. റെക്കോഡ് സ്വന്തമാക്കാനായി അഞ്ച് വര്‍ഷമായി ശ്രമിക്കുന്ന കാര്‍ത്തിക് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രത്യേക പരിശീലനവും നടത്തിയിരുന്നു. ദിവസവും ആറ് മണിക്കൂര്‍ പരിശീലനത്തിനായി മാറ്റി വയ്ക്കുന്ന കാര്‍ത്തിക് ഒരു മണിക്കൂര്‍ ധ്യാനം നടത്താറുമുണ്ട്.
ലോക റെക്കോഡ് കൈക്കലാക്കാനായെങ്കിലും കൂടുതല്‍ കഠിന പരിശീലനത്തിലൂടെ തന്‍റെ തന്നെ റെക്കോഡ് തിരുത്തണമെന്നാണ് ഈ 21കാരന്‍റെ മോഹം.
also read: പെണ്‍കരുത്തുകളുടെ അനുഭവ സമാഹാരം, ഗ്രീഷ്‌മ നേടിയത് മൂന്ന് ലോക റെക്കോഡ്