ജയ്‌പൂർ: രാജസ്ഥാനിൽ ഗീസറിലെ വാതകം ശ്വസിച്ച് ദമ്പതികൾ ശ്വാസംമുട്ടി മരിച്ചു. നാല് വയസുള്ള മകൻ വിഹാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്‌ച ശീതള അഷ്‌ടമി ആഘോഷത്തിനിടെ ഭിൽവാരയിലാണ് സംഭവം. ഷാഹ്‌പുര പട്ടണത്തിലെ താമസക്കാരായ സിരേഷ് ജൻവാർ(37), ഭാര്യ കവിത(35) എന്നിവരാണ് മരിച്ചത്.
നിറങ്ങൾ ഉപയോഗിച്ച് കളിച്ച ശേഷം ദമ്പതികൾ കുട്ടിയെ കുളിപ്പിക്കാനായി കുളിമുറിയിലേയ്‌ക്ക് പോയതായിരുന്നു. ആ സമയത്ത് കുളിമുറിയിലെ ഗീസറിൽ നിന്നുള്ള വാതകം ശ്വസിച്ച് ഇരുവർക്കും ശ്വാസതടസം ഉണ്ടാകുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ദമ്പതികൾ കുളിമുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ ബന്ധുക്കൾക്ക് സംശയം തോന്നി വാതിൽ തല്ലിത്തകർത്ത് അകത്തു ചെന്നപ്പോഴാണ് കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ദമ്പതികളേയും കുട്ടിയേയും കാണ്ടെത്തിയത്.
ഇവരെ ഉടൻ തന്നെ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ദമ്പതികൾ മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഹാനെ ഭിൽവാരെ ആശുപത്രിയിലേയ്‌ക്ക് മാറ്റാനും ഡോക്‌ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സ്‌റ്റേഷൻ എസ് എച്ച് ഒ രാജ്‌കുമാർ നായക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാതകം ശ്വസിച്ച് തന്നെയാണ് മരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കാക്കിനട വിഷവാതക ദുരന്തം: സമാനരീതിയിൽ ആന്ധ്രാപ്രദേശിൽ എണ്ണ ടാങ്കർ ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊളിലാളികൾ മരണപ്പെട്ടിരുന്നു. കാക്കിനട ജില്ലയിലെ പെദ്ദാപുരം മണ്ഡലത്തിലായിരുന്നു സംഭവം. അമ്പാടി സുബ്ബണ്ണ ഭക്ഷ്യ എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. ശ്വാസ തടസം അനുഭവപ്പെട്ട ഉടൻ തന്നെ തൊഴിലാളികൾ മരണപ്പെട്ടിരുന്നു.
മധുര അപകടം: തമിഴ്‌നാട് മധുരയിൽ സെപ്‌റ്റിക് ടാങ്കിൽ വീണ മൂന്ന് കരാർ തൊളിലാളികൾ മരണപ്പെട്ടതും വിഷവാതകം ശ്വസിച്ചതിനെ തുടർന്നായിരുന്നു. മധുരയിലെ പഴംഗനാഥം പ്രദേശത്തായിരുന്നു സംഭവം. ടാങ്കിലെ 30 അടി താഴ്‌ചയിലുള്ള മലിനജല പൈപ്പിലെ പ്രശ്‌നം പരിഹരിക്കുന്നതിനിടെ കാൽവഴുതിവീണ് ശ്വാസതടസം സംഭവിക്കുകയായിരുന്നു.