ബപട്‌ല (ആന്ധ്രാപ്രദേശ്) : സഹോദരിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പത്താം ക്ലാസ് വിദ്യാർഥിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ചെറുകുപ്പള്ളി മണ്ഡലത്തിലെ അമർനാഥ് (14) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു ദാരുണമായ സംഭവം. സംഭവത്തിൽ റെഡ്‌ലപലേനി സ്വദേശിയായ പാമു വെങ്കിടേശ്വര റെഡ്ഡിക്കെതിരെയും മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പത്താം ക്ലാസ് വിദ്യാർഥിയായ അമർനാഥ് ദിവസവും സൈക്കിളിലാണ് രാജോളുവിലേക്ക് ട്യൂഷന് പോകുന്നത്. ഈ പ്രദേശത്താണ് പ്രതിയായ പാമു വെങ്കിടേശ്വര റെഡ്ഡിയുടെ താമസം. വെങ്കിടേശ്വര റെഡ്ഡി കുറച്ച് കാലങ്ങളായി അമർനാഥിന്‍റെ സഹോദരിയെ പിന്തുടർന്ന് ശല്യം ചെയ്‌ത് വരികയായിരുന്നു. ഇതിനെച്ചൊല്ലി അമർനാഥും വെങ്കിടേശ്വര റെഡ്ഡിയും തമ്മിൽ ഒരിക്കൽ തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു.
ഇതിനിടെ വെള്ളിയാഴ്‌ച രാവിലെ ട്യൂഷന് പോയ അമർനാഥിനെ വെങ്കിടേശ്വര റെഡ്ഡിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് തടഞ്ഞ് നിർത്തി. ശേഷം പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമർനാഥിന്‍റെ കരച്ചിൽ കേട്ടാണ് സമീപവാസികൾ സംഭവമറിഞ്ഞത്. ഇവർ ഉടൻ തന്നെ അമർനാഥിന്‍റെ വീട്ടുകാരെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്‌തു.
എന്നാൽ 108 ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ സ്വകാര്യ വാഹനത്തിലാണ് കുട്ടിയെ ഗുണ്ടൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇതിനിടെ പൊന്നൂരിന് സമീപം വച്ച് 108 ആംബുലൻസ് എത്തുകയും കുട്ടിയെ അതിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. എന്നാൽ ശരീരമാസകലം പൊള്ളലേറ്റ അമർനാഥ് ആശുപത്രിയിൽ എത്തിച്ചയുടൻ മരണത്തിന് കീഴടങ്ങി.
നിർണായകമായി മരണ മൊഴി : മരിക്കുന്നതിന് മുൻപ് വെങ്കിടേശ്വര റെഡ്ഡിയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് തന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് അമർനാഥ് പറഞ്ഞിരുന്നു. അതേസമയം പ്രതിയായ വെങ്കിടേശ്വര റെഡ്ഡി വൈഎസ്‌ആർസിപി അനുയായി ആണെന്നും അതിനാൽ സംഭവത്തിന്‍റെ കാരണങ്ങൾ വഴിതിരിച്ച് വിടാൻ പല കോണിൽ നിന്നും സമ്മർദം ഉയരുന്നുണ്ടെന്നും അമർനാഥിന്‍റെ ബന്ധുക്കൾ അറിയിച്ചു.
ഇതിനിടെ ഇരയുടെ പരാതി ലഭിച്ചാലേ കേസെടുക്കുകയുള്ളു എന്ന് പൊലീസ് നിലപാട് സ്വീകരിച്ചതും വലിയ വിമർശനത്തിന് ഇടയാക്കി. തുടർന്ന് കുട്ടിയുടെ അമ്മ എത്തി പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ടിഡിഇപിഎ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം കൊല്ലപ്പെട്ട അമർനാഥ് വ്യാഴാഴ്‌ച രാത്രി നാട്ടിലെ ഒരു ചെറുകിട വ്യാപാരിയിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങിയത് കണ്ടെന്ന മൊഴിയുമായി ചിലർ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ പിന്നീട് കുട്ടിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ വെങ്കിടേശ്വര റെഡ്ഡിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഞെട്ടൽ രേഖപ്പെടുത്തി ടിഡിപി അധ്യക്ഷൻ : വിദ്യാർഥിയെ ജീവനോടെ പെട്രോൾ ഒഴിച്ച് തീകൊളിത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നടുക്കം രേഖപ്പെടുത്തി. സ്‌ത്രീകളെ പീഡിപ്പിക്കുന്നവരോട് പൊലീസിന്‍റെ മൃദു സമീപനമാണ് ഇത്തരം അതിക്രമങ്ങൾക്ക് കാരണമെന്നും സംഭവത്തിലെ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.