ജയ്‌പൂർ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിടാതെ ബിജെപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ യോഗി ആദിത്യനാഥിനെ ചുമതലപ്പെടുത്തിയതായി ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്.
2023ൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബിജെപി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്നും സംസ്ഥാനത്തെ പാർട്ടി ചുമതല കൂടിയുള്ള അരുൺ സിങ് പറഞ്ഞു. സംസ്ഥാന സംഘടനയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഗ്രൂപ്പും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാലാണ് മുഖ്യമന്ത്രിയെ പാർട്ടി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ യോഗി ആദിത്യനാഥ് മികച്ച പ്രകടനം കാഴ്ചവക്കുന്നുണ്ടെന്നും അതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗിയെ മാറ്റേണ്ടതില്ലെന്നും അരുൺ സിങ് ജയ്‌പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന
കൂടാതെ, സംഘടനയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നവർ, പ്രത്യേകിച്ച് രാജെ പക്ഷത്തുള്ളവർ, അവരുടെ അഭിപ്രായം പാർട്ടിക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നതെന്ന് വിലയിരുത്തണമെന്ന് അരുൺ സിങ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും നേതാക്കളുടെ അഭിപ്രായം മൂലം പാർട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അഭിപ്രായം പറഞ്ഞവർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അരുൺ സിങ് പറഞ്ഞു.