ഷിമോഗ: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കുന്നില്ലെന്നും 2023ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ശിക്കാരിപുര മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബി.വൈ വിജയേന്ദ്രക്ക് വിട്ടുനല്‍കുകയാണെന്നും യെദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശിക്കാരിപുരയില്‍ നിന്ന് 1983 മുതല്‍ എട്ട് വട്ടം നിയമസഭയില്‍ എത്തിയ യെദിയൂരപ്പ നാല് വട്ടം കര്‍ണാടക മുഖ്യമന്ത്രിയായി.
'ഞാന്‍ മത്സരിക്കുന്നില്ല, ശിക്കാരിപുരയില്‍ നിന്ന് വിജയേന്ദ്രയായിരിക്കും മത്സരിക്കുക. എന്നേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ മകനെ വിജയിപ്പിക്കണമെന്ന് ശിക്കാരിപുരയിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു', യെദിയൂരപ്പ പറഞ്ഞു. വിജയേന്ദ്ര ഓള്‍ഡ് മൈസൂരില്‍ നിന്ന് മത്സരിക്കണമെന്ന് അനുയായികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും വിജയേന്ദ്ര ശിക്കാരിപുരയില്‍ നിന്ന് തന്നെയായിരിക്കും ജനവിധി തേടുകയെന്ന് യെദിയൂരപ്പ വ്യക്തമാക്കി.
'ഓള്‍ഡ് മൈസൂരില്‍ മത്സരിക്കാന്‍ അവന് സമ്മര്‍ദമുണ്ട്, എന്നാല്‍ ഞാന്‍ മത്സരിക്കാത്തതിനാല്‍ വിജയേന്ദ്ര ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കും', യെദിയൂരപ്പ വ്യക്തമാക്കി. 2020 ജൂലൈയിലാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റായി ബി.എസ് വിജയേന്ദ്രയെ നിയമിച്ചത്. ബിജെപി യൂത്ത് വിങ് ജനറല്‍ സെക്രട്ടറിയായിരുന്ന വിജയേന്ദ്രക്ക് 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചിരുന്നില്ല.
വിജയേന്ദ്ര സജീവമായി പ്രവര്‍ത്തിച്ച 2019, 2020 ഉപതെരഞ്ഞെടുപ്പുകളില്‍ കെആര്‍ പേട്ട്, സിറ മണ്ഡലങ്ങളില്‍ ബിജെപി ആദ്യമായി വിജയിച്ചതോടെ വിജയേന്ദ്രയ്‌ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന വേളയില്‍ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദിയൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര നേതൃത്വം തള്ളുകയായിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്‌ട്രീയ ജീവിതം: കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദിയൂരപ്പ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന് പിന്നാലെ 2021 ജൂലൈ 27നാണ് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് ദക്ഷിണേന്ത്യയില്‍ ബിജെപി സർക്കാർ രൂപീകരിച്ച ഏക ബിജെപി നേതാവാണ് യെദിയൂരപ്പ. 2007 നവംബറിലാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി യെദിയൂരപ്പ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.
അധികാര വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്‌ച മാത്രമാണ് സർക്കാരിന് കാലാവധി തികയ്‌ക്കാന്‍ ആയുള്ളു. പിന്നീട് 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റില്‍ 110 സ്വന്തമാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അഴിമതി ആരോപണത്തെ തുടർന്ന് 2011ല്‍ യെദിയൂരപ്പയ്‌ക്ക് രാജിവയ്‌ക്കേണ്ടി വന്നു.
ഇതിനിടെ ബിജെപി വിട്ട യെദിയൂരപ്പ കർണാടക ജനത പക്ഷ എന്ന പാർട്ടിക്ക് രൂപം നല്‍കി. യെദിയൂരപ്പയുടെ അഭാവത്തില്‍ 2013ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി കനത്ത തോല്‍വി നേരിടുകയും കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ചെയ്‌തു. 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കർണാടക ജനത പക്ഷയെ ബിജെപിയില്‍ ലയിപ്പിച്ചു.
ഷിമോഗയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട യെദിയൂരപ്പ 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിച്ചു. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന യെദിയൂരപ്പക്ക് 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ഥാനമൊഴിയേണ്ടി വന്നു. 2019ല്‍ ഭരണപക്ഷത്ത് നിന്ന് 15 എംഎല്‍എമാരെ പാളയത്തില്‍ എത്തിച്ച് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. പിന്നീട് രണ്ട് വർഷങ്ങള്‍ക്ക് ശേഷം പാർട്ടി നിർദേശത്തിന് വഴങ്ങി രാജിവച്ച യെദിയൂരപ്പക്ക് പകരം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി പദത്തില്‍ എത്തുകയായിരുന്നു.
Also read: യെദ്യൂരപ്പക്കെതിരായ ഭൂമി ഇടപാട് കേസ്; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ