ഗാസിയാബാദ്: വിവാദ പരാമർശങ്ങള്‍കൊണ്ട് കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശ് ദാസ്‌നാദേവി ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ് സരസ്വതിക്കെതിരെ (Yati Narsinghanand) കേസ്. മുൻ രാഷ്‌ട്രപതി അബ്‌ദുല്‍ കലാമിനെതിരായ (Former President APJ Abdul Kalam) വിദ്വേഷ പരാമർശത്തിലാണ് (Hate speech) പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തത്. സെപ്‌റ്റംബര്‍ എട്ടിന് രാത്രി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
പൊലീസ് കമ്മിഷണർ അജയ് കുമാർ മിശ്രയാണ് ഇതുസംബന്ധിച്ച വിവരം പ്രമുഖ ദേശീയ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കിയത്. 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിലാണ് യതി, മുൻ രാഷ്‌ട്രപതിയ്‌ക്കെതിരായി വിദ്വേഷ പരാമര്‍ശം നടത്തിയത്. സാമുദായിക സൗഹാർദം നശിപ്പിക്കുന്ന ഭാഷയാണ് പ്രതി ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്ലിപ്പിന്‍റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്‌ടര്‍ പ്രശാന്ത് കുമാർ ഗൗതമാണ് യതിക്കെതിരെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തുടർന്ന്, ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. പ്രസ്‌തുത വീഡിയോ ക്ലിപ്പ് പഴയതാണെന്നും ഒരേ വിഷയത്തിൽ പൊലീസ് ആവർത്തിച്ച് എഫ്‌ഐആർ ഫയൽ ചെയ്യുന്നുണ്ടെന്നും യതി ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.