ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു തുടങ്ങിയതായി റിപ്പോർട്ട്. ഡല്‍ഹി ഓള്‍ഡ് റെയില്‍വേ പാലത്തില്‍ യമുന നദിയുടെ രാത്രി 11 മണിയോടെ 205.50 മീറ്ററായിരുന്നു ജലനിരപ്പ് രേഖപ്പെടുത്തിയത്. എങ്കിലും ഇപ്പോഴും അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഇപ്പോഴും 205.33 മീറ്ററിന് മുകളിലാണെങ്കിലും ജലനിരപ്പ് ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. നേരത്തെ ഡൽഹിയിലെ യമുന നദിയുടെ ജലനിരപ്പ് ഇന്നലെ രാത്രി 8 മണിക്ക് 205.56 മീറ്ററായിരുന്നു.
യമുനയിലെ ജലനിരപ്പ് അതിവേഗം കുറയുകയാണെന്നും രാത്രിയോടെ അപകടനിലയിൽ താഴെയാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഡൽഹി റവന്യൂ മന്ത്രി അതിഷി പറഞ്ഞു. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും താമസസ്ഥലം ഒഴിഞ്ഞുപോയവർക്കായി ദുരിതാശ്വാസ, പുനരധിവാസ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോൾ ഞങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ നഗരത്തിന്‍റെ താഴ്‌ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്‌ത് ഒഴിവാക്കുന്ന പ്രവൃത്തി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരായ അതിഷിയും എൽജി വികെ സക്‌സേനയും ഞായറാഴ്‌ച രാജ്ഘട്ട്, ശാന്തിവൻ, ചെങ്കോട്ട എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. യമുന നദി ജൂലൈ 10 ന് വൈകുന്നേരം 5 മണിയോടെയാണ് അപകടനിലയായ 205.33 മീറ്റർ മറികടന്നത്. ഓള്‍ഡ് റെയില്‍വേ പാലത്തിലെ ജലനിരപ്പ് (ORB) 08:00 PM മുതൽ 10:00 PM വരെ 205.47 മീറ്ററായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുശേഷം കുറയാൻ സാധ്യതയുണ്ടെന്നുമായിരുന്നു ജൂലൈ 16 ന് രാവിലെ 08:30 ന് കേന്ദ്ര ജലവകുപ്പ് (CWC) പുറപ്പെടുവിച്ച ഏറ്റവും പുതിയ പ്രവചനം.
ഹത്‌നി കുണ്ഡ് ബാരേജിൽ നിന്ന് ജൂലൈ 11ന് ഏകദേശം 3,60,000 ക്യുസെക്‌സ് വരെ ഉയർന്നിരുന്ന മണിക്കൂറിൽ പുറന്തള്ളിയിരുന്ന ജലം ഇന്നലെ രാത്രി 08:00 മണിക്ക് 53955 ക്യുസെക്‌സ് ആണ്. ഡൽഹിയിലെ പ്രളയബാധിത ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) 17 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 7241 ആളുകളെയും 956 കന്നുകാലികളെയും NDRF ടീമുകൾ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ALSO READ : Delhi Flood | പ്രളയം മുക്കിയ ഡൽഹിയുടെ ആകാശ ദൃശ്യം; യമുനയിലെ ജലനിരപ്പ് താഴുന്നു
കൂടാതെ, രക്ഷപ്പെടുത്തിയ 908 പേർക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഡൽഹിയിലെ ആറ് ജില്ലകളിലെ വെള്ളപ്പൊക്കം ബാധിച്ച താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 26,401 പേരെ മാറ്റിപ്പാർപ്പിച്ചു. അതിൽ 21,504 പേർ 44 കാമ്പുകളിലായി (താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും സ്‌കൂളുകൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ) താമസിക്കുന്നു. ഒഴിപ്പിക്കപ്പെട്ട ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയിരിക്കുകയാണ്.
ഈ ആഴ്ച ആദ്യമാണ് യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയത്. ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരപ്പ് നാല് ദിവസം മുമ്പ് 45 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നിരുന്നു. വെള്ളിയാഴ്ച (ജൂലൈ 14) രാത്രി 11 മണിയ്ക്ക് യമുനയിലെ ജലനിരപ്പ് 207.98 മീറ്ററായി രേഖപ്പെടുത്തി. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.