ന്യൂഡൽഹി : യമുന നദിയിലെ ജലനിരപ്പ് അപകട സൂചികയ്‌ക്ക് മുകളിൽ തുടരുന്നു. ഇന്നലെ (ജൂലൈ 21) രാത്രി 10 മണിയോടെ ഓൾഡ് റെയിൽവേ ബ്രിഡ്‌ജിലെ ജലനിരപ്പ് 205.48 മീറ്ററായി തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് തലസ്ഥാനത്തെ യമുന നദിയുടെ ജലനിരപ്പ് വീണ്ടും അപകട സൂചിക കവിഞ്ഞത്. 205.33 മീറ്ററാണ് യമുനയിലെ അപകട ജലനിരപ്പ്.
അതേസമയം, ഹത്‌നി കുണ്ഡ് ബാരേജിൽ നിന്ന് ജൂലൈ 11 ന് ഏകദേശം 3,60,000 ക്യുസെക്‌സ് വരെ മണിക്കൂറിൽ പുറന്തള്ളിയിരുന്ന ജലം വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക് രേഖപ്പെടുത്തിയ പുതിയ കണക്കുപ്രകാരം 29,973 ക്യുസെക്‌സ് ആണ്. ജൂലൈ 13ന് യമുനയിലെ ജലനിരപ്പ് സർവകാല റെക്കോഡ് മറികടന്നിരുന്നു. ഇതിന് പിന്നാലെ ഡൽഹി നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി ജലനിരപ്പിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ജൂലൈ 10 ന് വൈകുന്നേരം 5 മണിയോടെ നദി അപകട സൂചികയ്‌ക്ക് മുകളിൽ കവിഞ്ഞൊഴുകിയത്. ഇത് തലസ്ഥാനത്തെ വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. എട്ടു ദിവസത്തോളം ജലനിരപ്പ് അപകടനിലയ്‌ക്ക് മുകളിലായി തുടർന്നിരുന്നു. തുടർന്ന് ജൂലൈ 18ന് രാത്രി എട്ട് മണിയോടെ അപകടനിലയിൽ താഴെയ്‌ക്കെത്തിയിരുന്നു.
ജലനിരപ്പ് കുറഞ്ഞതോടെ ഡൽഹിയിലെ സമീപ പ്രദേശങ്ങളിലും രൂപപ്പെട്ടിരുന്ന വെള്ളക്കെട്ടുകൾ ഇല്ലാതായിരുന്നു. ഇതോടെ ദേശീയ തലസ്ഥാനത്തേക്ക് ചരക്ക് ലോറികൾ ഉൾപ്പെടയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിരോധനം ഡൽഹി സർക്കാർ നീക്കിയതായും എഎൻഐ റിപ്പോർട്ട് ചെയ്‌തു. ജലനിരപ്പ് താഴ്‌ന്നതോടെ വെള്ളപ്പൊക്ക ഭീതി ഒഴിഞ്ഞതും നിർദേശങ്ങൾ പിൻവലിക്കുന്നതിലേക്ക് നയിച്ചു. ജൂലൈ 13, 17 തീയതികളിലെ ഉത്തരവുകൾ പ്രകാരം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ജൂലൈ 19 മുതൽ പിൻവലിക്കാനും അധികൃതർ തീരുമാനിച്ചു.
ജലവിതരണം തടസപ്പെടും : ഡൽഹി നഗരത്തിലെ ജലവിതരണം ചൊവ്വാഴ്‌ചയാണ് (ജൂലൈ 18) സാധാരണ നിലയിലേക്ക് എത്തിയത്. എന്നാൽ യമുന നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നത് നഗരത്തിലെ ജലവിതരണത്തെ വീണ്ടും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വസീറാബാദിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പമ്പ് ഹൗസിന്‍റെ പ്രവർത്തനം അഞ്ച് ദിവസത്തോളം നിലച്ചിരുന്നു. ഇവിടെ നിന്നും വസീറാബാദ്, ചന്ദ്രവാൽ, ഓഖ്‌ല ജല ശുദ്ധീകരണ പ്ലാന്‍റുകളിലേക്കാണ് ജലം വിതരണം ചെയ്യുന്നത്.
ഇതിൽ ഓഖ്‌ല ജല ശുദ്ധീകരണ പ്ലാന്‍റ് വെള്ളിയാഴ്‌ച പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ചന്ദ്രവാൽ ഞായറാഴ്‌ചയും വസീറാബാദ് ചൊവ്വാഴ്‌ചയും പ്രവർത്തനക്ഷമമായി. ഈ മൂന്ന് പ്ലാന്‍റുകളാണ് നഗരത്തിന്‍റെ ജല വിതരണത്തിന്‍റെ 25 ശതമാനവും വഹിക്കുന്നത്. അതിനാൽ തന്നെ വീണ്ടും ഉയർന്ന ജലനിരപ്പ് ഡൽഹിയിലെ ജല വിതരണം വീണ്ടും താറുമാറാകാൻ സാധ്യതയുണ്ട്.
റെക്കോഡ് ജലനിരപ്പ് : വ്യാഴാഴ്‌ച (ജൂലൈ 13) യമുന നദിയിലെ ജലനിരപ്പ് 208.66 മീറ്ററിലെത്തിയിരുന്നു. 1978 സെപ്റ്റംബറിൽ റിപ്പോര്‍ട്ട് ചെയ്‌ത 207.49 മീറ്റർ എന്ന റെക്കോഡ് ജലനിരപ്പ് വ്യാഴാഴ്‌ച മറികടന്നിരുന്നു. 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ജലനിരപ്പിനാണ് തലസ്ഥാനം സാക്ഷിയായത്. ജൂലെ 14ന് അഴുക്കുചാലുകളിൽ നിന്നുൾപ്പടെയുള്ള ദുർഗന്ധം വമിക്കുന്ന ജലം സുപ്രീം കോടതി, രാജ്‌ഘട്ട്, ഐടിഒ എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.