ഡല്‍ഹി : യമുന നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യതലസ്ഥാനം വെള്ളത്തിനടിയില്‍. ഇതുവരെയുള്ള ഉയര്‍ന്ന നിലയായ 207.49 മീറ്ററും മറികടന്ന് നിലവില്‍ 207.57 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ഇതിന് മുമ്പ് 1978 ലെ വെള്ളപ്പൊക്കത്തിൽ നദിയിലെ ജലനിരപ്പ് 207.49 മീറ്ററിലെത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ബുധനാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഓള്‍ഡ് റെയില്‍വേ ബ്രിഡ്‌ജിന് സമീപത്തെ ജലനിരപ്പ് 207 മീറ്റര്‍ മറികടന്നതായി സെൻട്രൽ വാട്ടർ കമ്മിഷന്‍റെ (സിഡബ്ല്യുസി) വെള്ളപ്പൊക്ക നിരീക്ഷണ പോർട്ടല്‍ രേഖപ്പെടുത്തിയത്. പകല്‍ എട്ട് മണിയോടെ ഇത് 207.25 മീറ്റര്‍ എത്തിയതായി ഉദ്യോഗസ്ഥരുടെ അറിയിപ്പെത്തി. അധികം വൈകാതെ തന്നെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡിലെത്തി.
അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി : യമുന നദിയുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇത് ഉയരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മണ്‍സൂണ്‍ തീവ്രത മൂലമാണ് നദിയിലെ ജലനിരപ്പ് ഉയരുന്നതെന്നും ഇതുമൂലമുണ്ടാകുന്ന ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
മാറ്റിപ്പാര്‍പ്പിക്കല്‍ ഇങ്ങനെ : ഞായറാഴ്ച രാവിലെ 11ന് 203.14 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പെങ്കില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഇത് 205.4 ആയി ഉയർന്നു. പ്രതീക്ഷിച്ചിരുന്നതിലും 18 മണിക്കൂർ മുമ്പേ നദിയിലെ ജലനിരപ്പ് 205.33 മീറ്റർ എന്ന അപകടനിലയില്‍ എത്തുകയും രാത്രിയോടെ ജലനിരപ്പ് 206 മീറ്ററിൽ കൂടുതലാവുകയും ചെയ്‌തു. ജലനിരപ്പ് അപകടമായ രീതിയില്‍ ഉയര്‍ന്നതോടെ ദേശീയ തലസ്ഥാനത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി.
ഇതിന്‍റെ ഭാഗമായി നദീതീരങ്ങളിൽ ബോധവത്കരണത്തിനും രക്ഷാപ്രവർത്തനത്തിനുമായി ഉദ്യോഗസ്ഥരെയും ബോട്ടുകളെയും വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഉയർന്ന പ്രദേശങ്ങളിലുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി 45 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ബോധവത്കരണം, ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം എന്നിവയ്‌ക്കും മാറ്റിപ്പാര്‍പ്പിച്ചതിന് ശേഷമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമായി എൻജിഒകൾ അണിനിരന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഏകോപനവും നിയന്ത്രണങ്ങളും : നദിയിലെ ജലനിരപ്പ് ഉയരുകയും ജനജീവിതം അപകടത്തിലാവുകയും ചെയ്‌തതോടെ ജലസേചന വകുപ്പ്, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്, ഡൽഹി പൊലീസ്, ഡൽഹി ജല ബോർഡ്, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്‍റ് ബോർഡ്, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. ഇവര്‍ക്കൊപ്പം ജില്ല മജിസ്‌ട്രേറ്റുകളും ഇവര്‍ക്ക് കീഴിലുള്ള സെക്‌ടർ കമ്മിറ്റികളും നിരീക്ഷണം ശക്തമാക്കി വരികയാണ്.
യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന ബ്രിഡ്‌ജിന് മുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇതിന് മുകളിലൂടെയുള്ള വാഹന ഗതാഗതവും തടഞ്ഞിരിക്കുകയാണ്.