ഇന്‍ഡോര്‍: കറുത്ത വേഷത്തില്‍ സ്വര്‍ണ്ണ നിറത്തിലുള്ള കിരീടവുമണിഞ്ഞ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കാലനും എത്തിയിരിക്കുന്നു. മരണ ദൂതനായ കാലനെ തന്നെ എത്തിച്ച് വാക്സിന്‍ നല്‍കിയിരിക്കുകയാണ് ഇന്‍ഡോറിലെ ഒരു സര്‍ക്കാര്‍ ആശുപത്രി. ഒരു ചിരിയോടെയാണ് കണ്ടവരെല്ലാം ഇതിനോട് പ്രതികരിച്ചത്. കാലനും കൊവിഡ് ഭീതിയിലായെന്നും അതിനാല്‍ വാക്സിന്‍ സ്വീകരിച്ചെന്നും ഉള്‍പ്പടെയുള്ള കമന്‍റുകളാണ് കാണികളില്‍ നിന്നും ഉയര്‍ന്നത്. കൊവിഡ് വാക്സിന്‍ എല്ലാവരും സ്വീകരിക്കുകയെന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.
യമരാജനായെത്തിയത് ഒരു പൊലീസ് കോണ്‍സ്റ്റബിളാണ്. കാലനും വാക്സിന്‍ സ്വീകരിച്ചെന്ന് ആളുകള്‍ അറിഞ്ഞാല്‍ അത് കുത്തിവെപ്പ് സ്വീകരിക്കാന്‍ പ്രചോദനമാവും എന്നതാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ കാരണമായതെന്ന് കോണ്‍സ്റ്റബിള്‍ ജവഹര്‍ സിംഗ് പറഞ്ഞു. ഇതാദ്യമായല്ല ഈ വേഷത്തില്‍ ജവഹര്‍ സിംഗെത്തുന്നത്. ലോക്ഡൗണ്‍ സമയത്തും ഇതേ വേഷത്തിലെത്തി കൊവിഡ് മഹാമാരിയെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ജവഹര്‍ സിംഗ് ഉണ്ടായിരുന്നു.അതേസമയം ഇൻഡോറിലെ പൊലീസ് ഉദ്യോഗസ്ഥർ വാക്സിന്‍ സ്വീകരിച്ചതായി ഇൻഡോർ സോൺ ഇൻസ്പെക്ടർ ജനറൽ ഹരിനാരായണചാരി മിശ്ര അറിയിച്ചു. പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് വാക്സിനേഷന് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.