ബെംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി പുറപ്പെടുവിച്ച കർണാടക ഹൈക്കോടതി ജഡ്‌ജിമാർക്ക് 'വൈ' കാറ്റഗറി സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വിധി പ്രഖ്യാപിച്ച മൂന്ന് ജഡ്‌ജിമാർക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
വധഭീഷണി മുഴക്കിയവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ സമഗ്രമായ അന്വേഷണം നടത്താൻ ഡയറക്‌ടർ ജനറലിനും ഐജിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മൂന്ന് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച അദ്ദേഹം, സമുദായത്തിന് അനുകൂലമായി നിൽക്കുന്നത് മതേതരത്വമല്ലെന്നും, മറിച്ച് വർഗീയതയാണെന്നും പ്രതികരിച്ചു.
ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ഖാസി എം ജെയ്‌ബുന്നിസ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഇവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎൻടിജെ) നേതാവ് റഹ്മത്തുള്ള ഉൾപ്പെടെ മൂന്ന് സംഘടനാ പ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് ഡയറക്‌ടർ ജനറലിനും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്കും ഹൈക്കോടതി നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ ചൊവ്വാഴ്‌ച (15.03.2022) കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്‍റെ അനിവാര്യമായ മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
READ MORE:ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജിക്ക് നേരെ വധഭീഷണി ; കർശന നടപടിയുമായി കര്‍ണാടക ഹൈക്കോടതി