ന്യൂഡല്‍ഹി : റെസ്‌ലിങ് താരങ്ങള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ബിജെപി എംപിയായ ബ്രിജ് ഭൂഷണും കൂട്ടുപ്രതിയായ വിനോദ് തോമറിനും ഡൽഹിയിലെ റൂസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടുപേരോടും 25,000 രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ജൂലൈ ഏഴിനാണ് കോടതി ബ്രിജ് ഭൂഷൺ സിങ്ങിനെ വിളിച്ചുവരുത്തുന്നത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാലിന്‍റേതായിരുന്നു ഈ ഉത്തരവ്. അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്‌തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹി പൊലീസ് മൂന്ന് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കസാക്കിസ്ഥാൻ, മംഗോളിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകൾക്ക് ഡൽഹി പൊലീസ് നോട്ടിസ് അയക്കുകയും ചെയ്‌തിരുന്നു. മൂന്ന് രാജ്യങ്ങളിലും നടന്നിട്ടുള്ള ഗുസ്‌തി മത്സരങ്ങളുടെ മുഴുവന്‍ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ് അയച്ചത്. ഗുസ്‌തി താരങ്ങള്‍ ഫെഡറേഷന്‍ മേധാവിക്കെതിരെ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസിന്‍റെ ഈ നടപടി.
തെളിവ് തേടി പൊലീസ്: 2016, 2022 വര്‍ഷങ്ങളില്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെയും 2018 ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെയും കസാക്കിസ്ഥാനിലെ മത്സരത്തിനിടെയും തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിനായി മൂന്ന് രാജ്യങ്ങളുടെയും സഹായം തേടിയത്. കൂടാതെ ബ്രിജ് ഭൂഷണിനെതിരെ പരാതിയുമായെത്തിയ മുഴുവന്‍ താരങ്ങള്‍ക്കുമൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പരിശീലകര്‍, റഫറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 230 ലധികം പേരുടെ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇത് കൂടാതെ ആരോപണ വിധേയനായ ഫെഡറേഷന്‍ മോധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ സഹപ്രവര്‍ത്തകരുടെയും ഗുസ്‌തി ഫെഡറേഷന്‍ ഭാരവാഹികളുടെയും ഓഫിസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുകയുണ്ടായി. തുടര്‍ന്നാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഗുസ്‌തി താരങ്ങളുടെ ആരോപണവും പ്രതിഷേധവും: അതേസമയം ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗുസ്‌തി താരങ്ങള്‍ ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ആദ്യമായി ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ദിവസങ്ങളോളം നീണ്ട സമരത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറെത്തി താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഉടനടി പരിഹാരം കാണുമെന്ന മന്ത്രിയുടെ ഉറപ്പിന്‍മേല്‍ താരങ്ങള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.