ലഖ്‌നൗ (ഉത്തര്‍ പ്രദേശ്) : ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അഞ്ച് ദിവസം സമയം അനുവദിച്ചതിന് പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടികായത്തുമായി കൂടിക്കാഴ്‌ച നടത്തി ഗുസ്‌തി താരങ്ങള്‍. ഇന്നലെ രാത്രിയാണ് ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വസതിയിലെത്തി ടികായത്തുമായി കൂടിക്കാഴ്‌ച നടത്തിയത്. സമരവും അതിനോടനുബന്ധിച്ച ഭാവി പ്രവര്‍ത്തനങ്ങളുമായിരുന്നു ചര്‍ച്ച ചെയ്‌തത്.
ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കാതെ വന്നതോടെ ഗുസ്‌തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി താരങ്ങള്‍ ഹരിദ്വാറില്‍ ഹര്‍ കി പൗരിയില്‍ എത്തി. എന്നാല്‍ കര്‍ഷകര്‍ ഗുസ്‌തി താരങ്ങളെ തടയുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്‌തതോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്‍മാറുകയായിരുന്നു.
വിഷയത്തില്‍ പരിഹാരം കാണാന്‍ അഞ്ച് ദിവസം സമയം അനുവദിക്കണമെന്ന് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുടെ നിര്‍ദേശം സ്വീകരിച്ച ഗുസ്‌തി താരങ്ങള്‍ അഞ്ച് ദിവസത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചതായും അറിയിച്ചു. ഇതിന് പിന്നാലെയാണ് ടികായത്തുമായി താരങ്ങളുടെ കൂടിക്കാഴ്‌ച.
അതേസമയം ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്ന് ഗുസ്‌തി താരങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചു. ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം നടത്താന്‍ ഗുസ്‌തി താരങ്ങളെ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് ബദല്‍ സ്ഥലം നിര്‍ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏഴ് വനിത താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ ഏഴ് വനിത താരങ്ങളോട് ലൈംഗിക അതിക്രമം നടത്തിയെന്നതാണ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) ബ്രിജ് ഭൂഷണെതിരെ ഗുസ്‌തി താരങ്ങള്‍ ഉന്നയിക്കുന്ന പരാതി. നടപടി ആവശ്യപ്പെട്ട് ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മെയ് 19ന് പ്രതിഷേധത്തിന്‍റെ 25-ാം ദിവസം ജന്തര്‍ മന്തറില്‍ നിന്ന് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.
പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങളും രാഷ്‌ട്രീയ നേതാക്കളും കര്‍ഷക സംഘങ്ങളും രംഗത്തുവന്നു. എന്നാല്‍ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തെ കുറിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പിടി ഉഷ നടത്തിയ പരാമര്‍ശം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണവുമായി തെരുവില്‍ ഇറങ്ങുന്നതിന് പകരം അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നായിരുന്നു പിടി ഉഷയുടെ പ്രതികരണം.
ആദ്യം തള്ളി പറഞ്ഞു, പിന്നാലെ പിന്തുണ : തെരുവില്‍ ഇറങ്ങിയതിലൂടെ ഗുസ്‌തി താരങ്ങള്‍ കായിക മേഖലയുടെ അച്ചടക്കം ലംഘിച്ചു എന്നും പിടി ഉഷ പറഞ്ഞു. എന്നാല്‍ സമരത്തിന്‍റെ 11-ാം ദിവസം ഗുസ്‌തി താരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പിടി ഉഷ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും താരങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ് ഉണ്ടായത്.
മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് പിന്നാലെ പാര്‍ലമെന്‍റിലേക്ക് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്തറില്‍ വച്ച് തന്നെ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
നുണപരിശോധനയ്‌ക്ക് വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍ : 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിലെ പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ വനിത താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ബ്രിജ് ഭൂഷണ്‍ വനിത താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പരിശീലകര്‍ സ്‌ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു എന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. എന്നാല്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ബ്രിജ് ഭൂഷണ്‍ നല്‍കിയ വിശദീകരണം.
ലൈംഗിക പീഡനം നടന്നിട്ടില്ല എന്നും അങ്ങനെ ഉണ്ടായാല്‍ താന്‍ ജീവനൊടുക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച ബിജ് ഭൂഷണ്‍ പറഞ്ഞു. പരാതി ഉന്നയിച്ച താരങ്ങളെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ നുണ പരിശോധനയ്‌ക്ക് തയ്യാറാണെന്നായിരുന്നു ഗുസ്‌തി താരങ്ങള്‍ പ്രതികരിച്ചത്.