ന്യൂഡല്‍ഹി : നുണപരിശോധനയ്‌ക്ക് വിധേയമാകാന്‍ താന്‍ തയ്യാറാണെന്നും നിങ്ങളും ധൈര്യം കാണിക്കണമെന്നുമുള്ള റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍. പരാതി നല്‍കിയ എല്ലാ ഗുസ്‌തി താരങ്ങളും പോളിഗ്രാഫ് ടെസ്‌റ്റിന് വിധേയരാകാന്‍ തയ്യാറാണെന്ന് രാജ്യത്തെ മുൻനിര ഗുസ്‌തി താരവും പ്രതിഷേധിക്കുന്നവരില്‍ ഒരാളുമായ വിനേഷ് ഫോഗട്ട് പ്രതികരിച്ചു. അതേസമയം പരിശോധന നടത്തുന്നത് ക്യാമറയ്‌ക്ക് മുന്നില്‍ വച്ച് വേണമെന്നും എന്നാല്‍ മാത്രമേ അയാളുടെ ദുര്‍വൃത്തി എല്ലാവര്‍ക്കും മനസിലാകുകയുള്ളൂവെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു.
ഞങ്ങള്‍ എല്ലാവരും തയ്യാര്‍ : വിനേഷ് മാത്രമല്ല, പരാതി നൽകിയ എല്ലാ പെൺകുട്ടികളും നാർക്കോ പരിശോധനയ്‌ക്ക് വിധേയരാകാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷണോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തത്സമയം നടത്തണം, എന്നാല്‍ മാത്രമേ രാജ്യത്തിന്‍റെ പെണ്‍മക്കളോട് അയാള്‍ ചെയ്‌ത ക്രൂരത രാജ്യത്തിന് മുഴുവൻ അറിയാനാകൂ എന്ന് വിനേഷ് ഫോഗട്ട് മാധ്യമങ്ങളോടായി പറഞ്ഞു. എന്നാല്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും പോളിഗ്രാഫ് ടെസ്‌റ്റിന് വിധേയരായാൽ ഈ പരിശോധനയ്‌ക്ക് താനും തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 'ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും തനിക്കൊപ്പം പരിശോധനയ്‌ക്ക് വിധേയരാവുകയാണെങ്കില്‍, നാര്‍ക്കോ ടെസ്‌റ്റിനോ, പോളിഗ്രാഫ് ടെസ്‌റ്റിനോ മറ്റേതെങ്കിലും നുണ പരിശോധനയ്‌ക്കോ ഞാന്‍ തയ്യാറാണ്" - എന്ന് ട്വിറ്ററിലൂടെയാണ് ബ്രിജ് ഭൂഷണ്‍ സിങ് അറിയിച്ചത്.
പരാതിക്കാരെ ഉന്നംവച്ച് ബ്രിജ് ഭൂഷണ്‍ : കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ബ്രിജ് ഭൂഷണ്‍ സിങ് പ്രതികരിച്ചിരുന്നു. ആരെങ്കിലും കള്ളം പറയാൻ തീരുമാനിച്ചുറച്ചാല്‍ അവർക്ക് അതിന് കഴിയുമെന്നായിരുന്നു ഗുസ്‌തി താരങ്ങളുടെ ആരോപണങ്ങളോടുള്ള അദ്ദേഹത്തിന്‍റെ മറുപടി. 2014 ല്‍ താന്‍ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർബന്ധത്തിന് വഴങ്ങിയാണ് തുടരുന്നതെന്നും ബിജെപി എംപി കൂടിയായ സിങ് കൂട്ടിച്ചേർത്തിരുന്നു.
എന്തിനാണ് പ്രതിഷേധം? : ഏഴ് വനിത താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്‌റ്റ് ചെയ്യുന്നതുള്‍പ്പടെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് എന്നിവരുൾപ്പടെ നിരവധി പ്രമുഖ ഗുസ്‌തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രതിഷേധത്തിന്‍റെ 25-ാം ദിവസമായ ഇക്കഴിഞ്ഞ മെയ് 19 ന് പ്രതിഷേധക്കാര്‍ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിന്ന് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അര്‍പ്പിച്ച് കര്‍ഷക സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇതിനിടെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നു എന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ അത്‌ലറ്റുമായ പി.ടി ഉഷയുടെ പ്രതികരണം ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ സമരത്തിന്‍റെ പതിനൊന്നാം ദിവസം സമരവേദിയിലെത്തി ഗുസ്‌തി താരങ്ങളെ സന്ദര്‍ശിച്ച പി.ടി ഉഷ, താന്‍ ആത്യന്തികമായി കായിക താരമാണെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിഷയത്തില്‍ നീതി ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.