ന്യൂഡൽഹി: ജൂനിയർ ഗുസ്‌തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന്‍റെ ആയുധ ലൈസൻസ് റദ്ദാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു. റദ്ദാക്കൽ നടപടികൾ ലൈസൻസ് വകുപ്പ് ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
കൊലപാതക ശേഷം ഇയാൾ ഹരിദ്വാറിലേക്ക് ഒളിവിൽ പോയതിനെക്കുറിച്ചും ഒളിവിൽ കഴിയുമ്പോൾ സഹായിച്ച ആളുകളെയും കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് ഞായറാഴ്‌ച സുശീൽ കുമാറിനെ ഹരിദ്വാറിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തിൽ സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ 13 പേർക്ക് പങ്കുള്ളതായും ഇതിൽ ഒമ്പത് പേരെ അറസ്റ്റുചെയ്തതായും വ്യക്തമായി. മുഖ്യ പ്രതിയായ സുശിൽ കുമാറിനെയും കൂട്ടാളിയായ അജയ് ബക്കർവാലയെയും മെയ് 23ന് ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റുചെയ്തു.
മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ നടന്ന കലഹത്തിൽ സാഗർ ധങ്കർ ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ധങ്കർ ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചത്. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയ താരമായിരുന്നു സുശീൽ കുമാർ.
Read more: ഗുസ്തി താരം സുശീൽ കുമാറിനെ ഹരിദ്വാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും