ഹൈദരാബാദ് : ഭാഷാഭേദമന്യേ ഇന്ത്യന്‍ സിനിമകള്‍ക്ക് യഥാര്‍ഥ കാഴ്ചകളുടെ കരുത്തും പൊലിമയും സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റി ഒക്‌ടോബർ എട്ടുമുതൽ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു.
തെലങ്കാനയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടം സുരക്ഷ മുൻനിർത്തി മാസങ്ങളായി തുറന്നുപ്രവർത്തിച്ചിരുന്നില്ല.
ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചമായ റാമോജി ഫിലിം സിറ്റിയിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് 2000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സിനിമയുടെ മാന്ത്രിക ലോകമാണ്.
സഞ്ചാരികള്‍ക്ക് മികച്ച വിനോദാനുഭവം പ്രദാനം ചെയ്യുന്ന ഫിലിം സിറ്റിയില്‍ സിനിമ ലൊക്കേഷനുകൾ, ലണ്ടന്‍ വീഥികള്‍, ഗാര്‍ഡനുകൾ, അരുവികൾ തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും പുനസൃഷ്‌ടിച്ചിരിക്കുന്നു.
നിരവധി സിനിമകൾക്ക് മികച്ച പശ്ചാത്തലമൊരുക്കിയിട്ടുള്ള ഫിലിം സിറ്റിയിൽ ഒരേസമയം നിരവധി സിനിമകളുടെ ഷൂട്ടിങ് സാധ്യമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതിമനോഹരമായ പൂന്തോട്ടങ്ങളും, ഗെയിമുകളും, റൈഡുകളും, ലൈവ് സ്റ്റുഡിയോ ഷോയുമെല്ലാം പ്രതിവർഷം 1.5 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്.
ALSO READ: റാമോജി ഫിലിം സിറ്റിക്ക് തെലങ്കാന സ്റ്റേറ്റ് ടൂറിസം അവാര്‍ഡ്
പ്രധാന ആകർഷണങ്ങൾ :
യുറീക്ക
അതിഥികളെ സ്വാഗതം ചെയ്യാൻ മധ്യകാല രാജകീയ കോട്ടകളും പാട്ടും നൃത്തവുമായി ഒരു കൂട്ടം കലാകാരന്മാരും ഉണ്ടാകും. കൂടാതെ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, തീമാറ്റിക് റസ്റ്ററന്‍റുകൾ, തീം ബസാറുകൾ എന്നിവയും യുറീക്കയിലെ പ്രധാന ആകർഷണമാണ്.
ഫണ്ടുസ്ഥാൻ & ബൊറാസുര
കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്‌തിട്ടുള്ള ഫണ്ടുസ്ഥാൻ യുവമനസുകളെ ഏറെ ആകർഷിക്കുന്നു. ഈ വിനോദ മേഖലയിലേക്കെത്തുന്ന കുട്ടികൾക്കായി കാത്തിരിക്കുന്നത് നിരവധി ഗെയിമുകളും സവാരികളുമാണ്.
ബൊറാസുരയുടെ മാന്ത്രിക ലോകവും കുട്ടികൾക്ക് നൽകുന്നത് ഭയാനകമായ അനുഭവമാണ്.
റാമോജി മൂവി മാജിക്
സിനിമയുടെയും ഫാന്‍റസിയുടെയും അതുല്യതയാണ് റാമോജി മൂവി മാജിക് സന്ദർശകർക്കായി വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ സ്‌പെഷ്യൽ ഇഫക്റ്റുകൾ, എഡിറ്റിങ്, ഡബ്ബിങ് എന്നിവയുൾപ്പടെ ചലച്ചിത്ര നിർമാണത്തിന്‍റെ സങ്കീർണ ലോകവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നു.
ഫാന്‍റസി ലോകത്തിലേതുപോലുള്ള അനുഭവം നൽകുന്ന ഫിലിമി ദുനിയയും, ബഹിരാകാശ യാത്ര സമ്മാനിക്കുന്ന റാമോജി സ്‌പേസ് യാത്രയും ഇവിടത്തെ മറ്റ് പ്രത്യേകതകളാണ്.
ലൈവ് ഷോകൾ
രാജ്യത്തെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളും കലാരൂപങ്ങളും ലൈവായി സന്ദർശകരിലേക്കെത്തിക്കുന്നതാണ് 'സ്‌പിരിറ്റ് ഓഫ് റാമോജി' ഷോ. കൂടാതെ 60കളിലെ ഹോളിവുഡ് കൗബോയ് സിനിമകളിലേക്ക് നമ്മെ എത്തിക്കുന്ന വൈൽഡ് വെസ്റ്റ് സ്റ്റണ്ട് ഷോ, ബാക്ക്‌ലൈറ്റ് തിയേറ്റർ പ്രിൻസിപ്പിളുകളും ആനിമേഷനുകളും മികച്ച രീതിയിൽ സമന്വയിപ്പിച്ചുള്ള ബാക്ക്‌ലൈറ്റ് ഷോ എന്നിവ ഇവിടത്തെ മാത്രം പ്രത്യേകതകളാണ്.
വിങ്‌സ് - ബേഡ് പാർക്ക്
ലോകമെമ്പാടുമുള്ള പക്ഷികളുടെ ആകർഷണീയമായ ശേഖരമാണ് വിങ്‌സ് ബേഡ് പാർക്ക്. പക്ഷികളുടെ ആവാസവ്യവസ്ഥയ്‌ക്ക് അനുയോജ്യമായ രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. വാട്ടർ ബേർഡ്‌സ് അരീന, അരീന ഓഫ് കേജ്‌ഡ് ബേർഡ്‌സ്, ഫ്രീ റേഞ്ചർ ബേർഡ് സോൺ, ഓസ്‌ട്രിച്ച് സോൺ എന്നിങ്ങനെ നാല് സോണുകളായി ഇവ തിരിച്ചിട്ടുണ്ട്.
സാഹസ്
റാമോജി ഫിലിം സിറ്റിയിലെ അഡ്വഞ്ചര്‍ ലാൻഡ് എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള സാഹസിക വിനോദങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ഹൈ റോപ്പ് കോഴ്‌സ്, നെറ്റ് കോഴ്‌സ്, എടിവി റൈഡുകൾ, മൗണ്ടൻ ബൈക്ക്, പെയിന്‍റ്ബോൾ, ടാർഗറ്റ്-ഷൂട്ടിങ്, ഇൻഫ്ലേറ്റബിൾസ്, സോർബിങ്, ബഞ്ചി എജക്ഷൻ മുതലായവ അവയിൽ പ്രധാനപ്പെട്ടവയാണ്.
ഹോട്ടൽ സ്റ്റേ പാക്കേജുകൾ
റാമോജി ഫിലിം സിറ്റി സന്ദർശനം പരമാവധി പ്രയോജനപ്പെടുത്താൻ ഒരു ദിവസം പര്യാപ്‌തമല്ലാത്തതിനാൽ എല്ലാ ബജറ്റിനും അനുയോജ്യമായ ആകർഷകമായ സ്റ്റേ പാക്കേജുകളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഫിലിം സിറ്റിയുടെ ഹോട്ടൽ സിതാര, ഹോട്ടൽ താര, വസുന്ധര വില്ല, ശാന്തിനികേതൻ, സഹാറ, ഗ്രീൻസ് ഇൻ എന്നിവിടങ്ങളിലായി ഏതു ബജറ്റിനും അനുയോജ്യമായ സ്റ്റേ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഫിലിം സിറ്റി വീണ്ടും സഞ്ചാരികൾക്കായി തുറക്കുക. കൂടാതെ സഞ്ചാരികൾ ശാരീരിക അകലം പാലിക്കുന്നുവെന്നും ഉറപ്പുവരുത്തും.
അടുത്ത് സമ്പര്‍ക്കമുള്ള എല്ലാ വിനോദ മേഖലകളും അണുവിമുക്തമാക്കും. വിനോദസഞ്ചാരികളെ നയിക്കാൻ സുരക്ഷാനടപടിക്രമങ്ങളിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.