ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാറുകള്‍ അവഗണിച്ച പരമ്പരാഗത ചികിത്സാരീതികളിലൊന്നായ യുനാനിയെ കൈപിടിച്ചുയര്‍ത്തിയത് മോദി സര്‍ക്കാരെന്നറിയിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. 2014 ന് മുമ്പ് മുൻ സർക്കാരുകളുടെ ഭരണകാലത്ത് യുനാനിക്ക് ബജറ്റ് വിഹിതം കുറച്ച് അവഗണിക്കപ്പെട്ടപ്പോള്‍ 2014 ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുനാനിക്കായി ഒരു പ്രത്യേക മന്ത്രാലയം സൃഷ്‌ടിക്കുക മാത്രമല്ല ദേശീയ തലത്തിലും ആഗോള തലത്തിലും അതിന്‍റെ പ്രചാരണത്തിന് ഊന്നൽ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക യുനാനി ദിനത്തിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നിന്നുള്ള പരിശീലകരും വിദേശ പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായ ഇന്ത്യക്ക് യുനാനിയിലൂടെ സമൂഹത്തിന്‍റെയും മനുഷ്യരാശിയുടെയും പുരോഗതിക്കായി മുൻനിരയിൽ വരാനും പ്രവർത്തിക്കാനുമുള്ള പ്രാപ്‌തിയുണ്ട്. ആധുനിക കാലത്തെ വൈദ്യശാസ്‌ത്രരംഗത്തെ ശാസ്‌ത്രീയ സമീപനം അവഗണിക്കാനാവില്ല. എന്നാല്‍ ശാസ്‌ത്രീയവും പഴയതും പുതിയതുമായ രീതികളും മനുഷ്യരാശിക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്‌ടിക്കുമെന്ന് കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം പൊതുജനാരോഗ്യത്തിനായുള്ള യുനാനി മെഡിസിൻ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിൻ വികസിപ്പിച്ച യുനാനി മെഡിസിൻ മൊബൈൽ ആപ്പും പുറത്തിറക്കി. പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി ആയുഷും യുനാനിയും അത്‌ഭുതകരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുവെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പരമ്പരാഗത വൈദ്യശാസ്‌ത്രത്തിലും ആരോഗ്യത്തിലും ഇന്ത്യ ആഗോള നേതൃത്വം ഏറ്റെടുക്കുകയാണെന്നും ലോകമെമ്പാടുമുള്ള ആയുഷിന്‍റെ വൻ ജനപ്രീതിയിലും സ്വീകാര്യതയിലും ഇത് പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ബജറ്റിൽ ആയുഷ് മന്ത്രാലയത്തിന് 3,647.5 കോടി രൂപ ലഭിച്ചു. ഇത് കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് ഏഴിരട്ടിയാണ്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിനായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിട്ടിട്ടുണ്ടെന്നും സർബാനന്ദ സോനോവാൾ പറഞ്ഞു.