ഹൈദരാബാദ് : പേവിഷബാധക്കെതിരായ മുന്‍കരുതലുകള്‍ ഓര്‍മിപ്പിച്ച് കൊണ്ട് ഇന്ന് ലോക റാബീസ് ദിനം. സൂനോട്ടിക് രോഗമായ പേവിഷബാധയെ കുറിച്ചും അതിന്‍റെ പ്രതിരോധത്തെ കുറിച്ചും അവബോധം വളര്‍ത്തുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. 'വണ്‍ ഫോര്‍ ഓള്‍, ഓള്‍ ഫോര്‍ വണ്‍' എന്നതാണ് ഇത്തവണത്തെ റാബീസ് ദിന പ്രമേയം. പേവിഷബാധയെ ചെറുക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്വത്തിന് അടിയത്തറയിടുന്നതാണീ പ്രമേയം.
എന്താണ് റാബീസ് (What Is Rabies): പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗമാണ് പേവിഷ ബാധ. റാബീസ് എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരില്‍ ഇത്തരം അസുഖം വരുന്നത് വളര്‍ത്ത് മൃഗങ്ങളുടെ ഉമിനീര്‍ വഴിയാണ്.
രോഗ ബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പകരുക. മൃഗങ്ങള്‍ കടിക്കുന്നതിലൂടെയോ മനുഷ്യ ശരീരത്തിലെ മുറിവില്‍ അവ നക്കുന്നതിലൂടെയോ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന പൊതുവായ തെറ്റിദ്ധാരണയുണ്ട്. നായകളില്‍ നിന്ന് മാത്രമെ ഇത്തരം വൈറസ് ബാധ ഉണ്ടാകുകയുള്ളൂവെന്ന്. എന്നാല്‍ ഇത് തെറ്റായ ചിന്താഗതിയാണ്. പൂച്ച, കുരങ്ങ്, ആട്, വവ്വാല്‍, കൊക്ക്, കുറുക്കന്‍ തുടങ്ങി നിരവധി മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും ഇത്തരം വൈറസ് ബാധകള്‍ ഉണ്ടാകാറുണ്ട്.
വൈറസ് ബാധിതരുടെ കണക്ക് (Statistics of Rabies affected people): ലോകമെമ്പാടും വര്‍ഷം തോറും 55,000 മുതല്‍ 60,000 പേരാണ് പേവിഷബാധ മൂലം മരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 20,000 മരണങ്ങളാണ് ഇതുമൂലം സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് പുറമെ മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പേവിഷബാധ മൂലം മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയെ അപേക്ഷിച്ച് മരണ സംഖ്യ 65 ശതമാനം കൂടുതലാണ്.
റാബീസ് വാക്‌സിന്‍ ചരിത്രം (History Of Rabies Vaccine): ഫ്രഞ്ച് ജീവശാസ്‌ത്രജ്ഞനും രസതന്ത്രജ്ഞനുമായ ലൂയി പാസ്‌ചറിന്‍റെ ചരമവാര്‍ഷികമാണ് ലോക റാബീസ് ദിനമായി ആചരിക്കുന്നത്. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളര്‍ (Center for Disease Control), ലോക ആരോഗ്യ സംഘടന (World Health Organization), അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോളര്‍ (Alliance for Rabies Control) എന്നിവ ചേര്‍ന്നാണ് 2007 മുതല്‍ ഈ ദിനം ആചരിച്ച് തുടങ്ങിയത്. പേവിഷബാധയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് ഈ ദിനം അവസരമൊരുക്കുന്നു.
റാബീസ് പ്രതിരോധം (Prevention of Rabies): റാബിസ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇതിനെ പൂര്‍ണമായും ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയില്ല. ഈ വൈറസ് തലച്ചോറിനുള്ളില്‍ പ്രവേശിച്ചാല്‍ അത് മാരകമായ അവസ്ഥയിലേക്ക് നയിക്കും. മൃഗങ്ങളുടെ കടിയേറ്റതിന് ശേഷം 8 മുതല്‍ 10 ദിവസത്തിനുള്ളില്‍ ആന്‍റി റാബീസ് വാക്‌സിന്‍ അടക്കമുള്ള പ്രതിരോധ ചികിത്സ നല്‍കണം.
വൈറസ് തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് ഇതിലൂടെ തടയാനാകും. പേവിഷബാധ ചെറുക്കുന്നതിനും അപകട സാധ്യത ലഘൂകരിക്കുന്നതിനും വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് കൃത്യമായി വാക്‌സിനേഷന്‍ നടത്തണം. പേവിഷബാധ ഗണ്യമായി കുറക്കാന്‍ ഈ രീതി കൃത്യമായി തുടരുന്നതിലൂടെ സാധിക്കും.
ഇന്‍ഫ്ലുവന്‍സ പോലുള്ള ലക്ഷണങ്ങളാണ് പേവിഷബാധയുടെ ആദ്യ ലക്ഷണങ്ങള്‍. എന്നാല്‍ തുടക്കത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ അപകടകരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പേവിഷബാധ ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ വൈദ്യ സഹായം തേടുന്നത് രോഗത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്.
റാബീസ് ദിനത്തിന്‍റെ പ്രധാന്യം (Significance of Rabies Day): പേവിഷബാധയെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്നതിന് അപ്പുറം പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയെന്നതാണ് റാബീസ് ദിനത്തിന്‍റെ പ്രധാന ലക്ഷ്യം. രോഗനിര്‍ണയം, ചികിത്സ എന്നിവയെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകളെ ഈ ദിനാചരണത്തിലൂടെ ഇല്ലാതാക്കാം. കൂടാതെ പേവിഷബാധ ഉണ്ടായാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും പൊതുജനങ്ങളെ ബോധവത്‌കരിക്കാന്‍ ഈ ദിനാചരണത്തിലൂടെ സാധിക്കും.