ന്യൂഡൽഹി : ജി 20 ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ചില ലോക നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു (World Leaders Who skipped G20 Summit). ലോകത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്ന രാജ്യങ്ങളാണ് ജി 20യിൽ ഉൾപ്പെടുന്നത്. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി 20 ഗ്രൂപ്പ്. ലോക ജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി ഡി പിയുടെ 85 ശതമാനവും കച്ചവടത്തിന്‍റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്.
ഇത്ര നിർണായകമായ ഉച്ചകോടിയായതിനാലാണ് എല്ലാ രാജ്യങ്ങളുടെയും തലവന്മാർ നേരിട്ട് പങ്കാളികളാകുന്നത്. എന്നാൽ ഇക്കുറി ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ ചില പ്രധാന രാഷ്ട്ര തലവന്മാർ പങ്കെടുക്കുന്നില്ല. ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പങ്കെടുക്കുന്ന രാഷ്ട്ര തലവന്മാരുടെയും പങ്കെടുക്കാത്തവരുടെയും ഏകദേശ ചിത്രം തെളിഞ്ഞു. ചില രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ചില നേതാക്കൾ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ചില ലോകനേതാക്കൾ വരുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടുമില്ല. സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായാണ് ജി 20 ഉച്ചകോടി നടക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ :
യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ : ഭാര്യക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ജോ ബൈഡന്‍റെ ജി 20 സാന്നിധ്യം അനിശ്ചിതത്വത്തിലായെങ്കിലും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് ഇപ്പോൾ അമേരിക്ക നൽകുന്ന സ്ഥിരീകരണം. ജോ ബൈഡൻ സെപ്റ്റംബർ ഏഴിന് ഇന്ത്യയിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബർ എട്ടിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രെയ്‌നിലെ റഷ്യൻ യുദ്ധത്തിന്‍റെ സാമൂഹിക ആഘാതം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജി20 രാജ്യങ്ങളോട് യു എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ ഐ ടി സി മൗര്യ ഹോട്ടലിലാകും അമേരിക്കൻ പ്രസിഡന്‍റ് താമസിക്കുക.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് : ഇന്ത്യയിലെ ജി 20 യിൽ പ്രസിഡന്‍റ് ഷി ജിങ്പിങ് പങ്കെടുക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ആകും ചൈനീസ് സംഘത്തെ നയിക്കുക. 2008ൽ നടന്ന ജി 20 ക്ക് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്‍റ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. 2020 മേയിൽ ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണരേഖയിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമാണ്. ഷി ജിങ്പിങ് ജി20 ഒഴിവാക്കിയത് ലോക വേദിയിൽ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാനുള്ള ചൈനയുടെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് : പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള സുനകിന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഡൽഹിയിലെ ഷാംഗ്രി-ലാ ഹോട്ടലിലാകും അദ്ദേഹം താമസിക്കുക.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് : തന്‍റെ ത്രിരാഷ്ട്ര പര്യടനത്തിന്‍റെ ഭാഗമായിക്കൂടിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം. ഇന്തോനേഷ്യയും ഫിലിപ്പൈൻസുമാണ് അദ്ദേഹം സന്ദർശിക്കുന്ന മറ്റ് രാജ്യങ്ങൾ.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ : ഇന്തോനേഷ്യയിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം ഇന്ത്യയിലെത്തുക.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് : റഷ്യയുടെയും ചൈനയുടെയും രാഷ്ട്രത്തലവന്മാരുടെ അഭാവത്തിൽ പോലും ജി 20 ഉച്ചകോടി ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് സന്ദർശനത്തിന് മുന്നോടിയായി ഷോൾസ് ഊന്നിപ്പറഞ്ഞു.
ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ : യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരായ ജപ്പാന്‍റെ വിമർശനം അദ്ദേഹം ഉച്ചകോടിയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക്-യോ : ഉത്തരകൊറിയയിൽ നിന്ന് ഉയർന്നുവരുന്ന മിസൈൽ പ്രകോപനങ്ങളും ആണവ ഭീഷണികളും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ആഗോള നേതാക്കൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ : മുഹമ്മദ് ബിൻ സൽമാൻ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ നടക്കുന്ന ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ സെപ്റ്റംബര്‍ 11-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക എന്നാണ് വിവരം.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസ : ജി 20 സമ്മേളനത്തിന് സിറിൾ റമാഫോസ സാന്നിധ്യമടക്കം പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന : ജി20 ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുക്കുമെന്ന് സ്ഥിരീകരണമുണ്ട്. നിരീക്ഷക രാജ്യമായി പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ച രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്.
തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ : കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള വിഷയങ്ങൾ അദ്ദേഹം മുന്നോട്ടുവയ്‌ക്കും.
അർജന്‍റീനയുടെ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് : ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ആൽബർട്ടോ ഫെർണാണ്ടസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു : തന്‍റെ രാജ്യത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനായി ആഗോള മൂലധനം സമാഹരിക്കുന്നതിനും മുൻതൂക്കം നല്‍കിയാകും അദ്ദേഹത്തിന്‍റെ വാദഗതികള്‍.
ഉച്ചകോടിയിൽ പങ്കെടുക്കാത്ത നേതാക്കൾ :
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ : റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ജി20 ഉച്ചകോടി ഒഴിവാക്കും. യുക്രെയ്‌നില്‍ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ വിട്ടുനിൽക്കല്‍. ജി20 ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പങ്കെടുക്കും.
യൂറോപ്യൻ യൂണിയൻ നേതാക്കൾ : യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കലും ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മെക്സിക്കൻ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ : മെക്‌സിക്കൻ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഈ വർഷത്തെ ജി20 ഉച്ചകോടി ഒഴിവാക്കിയേക്കും.
സാന്നിധ്യം സ്ഥിരീകരിക്കാത്ത നേതാക്കൾ:
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
ജി20 ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലാണ്, ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ : ഉച്ചകോടിയിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലാത്ത മറ്റൊരു ജി 20 നേതാവ് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയാണ്.